‘നരസിംഹ മന്നാഡിയാരുടെ ഭാര്യയായി ഇരിക്കാൻ നിനക്ക് സമ്മതമാണോ?’ ഇതിന് മുൻപോ ശേഷമോ മലയാള സിനിമയിൽ ഇങ്ങനെ ഒരു പ്രണയാഭ്യർഥന ഉണ്ടായിട്ടില്ലെന്ന് പറയാം. ‘മറന്നും പൊറുത്തുമൊക്കെ ജീവിക്കാൻ ഞാൻ ബ്രാഹ്മണനോ, വൈശ്യനോ, ക്ഷൂദ്രനോ ഒന്നുമല്ല, മന്നാടിയാർ ക്ഷത്രിയനാണ്. ക്ഷത്രിയൻ..’ ഇങ്ങനെ മമ്മൂട്ടിയുടെ പൗരുഷ ഗാംഭീര്യവും ഒപ്പം പകയും പ്രതികാരവും പ്രണയവും അരങ്ങുവാണ ധ്രുവത്തിന് ഇന്ന് വയസ് 27 തികയുന്നു. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന്. ജോഷി–എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സംഭവിച്ച മൾട്ടി സ്റ്റാർ ചിത്രം ധ്രുവം. രണ്ടരപതിറ്റാണ്ടിനപ്പുറം പഴക്കമുള്ള ധ്രുവത്തിന്റെ ഓർമകൾ തിരക്കഥാകൃത്ത് എസ്.എൻ സ്വാമി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പങ്കുവയ്ക്കുന്നു.
‘രണ്ടു കഥാപാത്രങ്ങളിൽ തുടങ്ങിയ ചിന്തയാണ് ധ്രുവം. ഹൈദർ മരക്കാരും പിന്നെ കാശി എന്ന കഥാപാത്രവും. ഒരു ദിവസം ഇങ്ങനെ ചർച്ചകൾ നടക്കുമ്പോൾ സാജനാണ്(എ.കെ.സാജന്‍) ഇൗ പേരുകളും ഇങ്ങനെ ഒരു ത്രെഡും പറയുന്നത്. ഹൈദർ മരക്കാർ എന്ന ആ പേര് കേട്ടപ്പോൾ തന്നെ ഒരു കരുത്ത് തോന്നി. പിന്നീടാണ് അതിലേക്ക് നരസിംഹ മന്നാഡിയാരും വീരസിംഹ മന്നാഡിയാരും ഒക്കെ എത്തുന്നത്. ആ രണ്ടു കഥാപാത്രങ്ങളെ വച്ചാണ് ധ്രുവം എന്ന സിനിമ എഴുതി തുടങ്ങുന്നത്.’
പിന്നീട് മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി അങ്ങനെ താരങ്ങളിലേക്ക് എത്തി. ഇവർക്കെല്ലാം അപ്പോൾ ഡേറ്റ് ഉണ്ടായിരുന്നു എന്നത് വല്ലാതെ ഒരു അനുഗ്രഹമായിരുന്നു. മമ്മൂട്ടിയുടെ രൂപവും ഭാവവും ശബ്ദവുമെല്ലാം നരസിംഹ മന്നാഡിയാർ എന്ന കഥാപാത്രത്തിന് അത്രമാത്രം ചേർന്നു നിന്നു. എഴുതുമ്പോഴും മമ്മൂട്ടി എവിടെയെല്ലാമോ മനസിൽ ഉണ്ടായിരുന്നു. ആ ഇൻഡ്രോ സീൻ ഒക്കെ അങ്ങനെ തന്നെ എഴുതിയതാണ്. കുങ്കുമവും മാലയും ഒക്കെ. ആ പേരിന് ചേരുന്ന ഒരു ഇൻഡ്രോ ആയിരിക്കണം എന്ന് എഴുതുമ്പോഴേ തോന്നിയിരുന്നു. അത് സീനിൽ കാണുമ്പോൾ വല്ലാത്ത ഉൗർജമാണ് ഇപ്പോഴും.
പിന്നെ പാട്ടുകൾ. തിരക്കഥ എഴുതുമ്പോൾ തന്നെ പാട്ടുകൾക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നു. അത് അതുപോലെ തന്നെ സംഭവിച്ചു. ഇപ്പോഴും ആ പാട്ടുകൾ ഹിറ്റായി നിൽക്കുന്നത് വളരെ സന്തോഷം നൽകുന്നു.
മൾട്ടി സ്റ്റാർ ചിത്രമാവണം എന്ന് എഴുതുമ്പോൾ മനസിൽ കണ്ടിരുന്നോ?
അങ്ങനെയൊരു ചിന്ത വെച്ചു എഴുതിയതല്ല. ജോഷിയാണ് കഥാപാത്രങ്ങളെ തീരുമാനിച്ചത്. മുൻപ് പറഞ്ഞ പോലെ ഇവർക്കെല്ലാം കഥയും കഥാപാത്രങ്ങളും ഇഷ്ടമായി ഡേറ്റും ഉണ്ടായിരുന്നു. എല്ലാം അതിനായി ഒത്തുവന്നു എന്നു പറയാം. ഇതിലേ പേരുകളാണ് എല്ലാവരെയും ആദ്യം ആകർഷിച്ചത്. നരസിംഹ മന്നാഡിയാർ, വീരസിംഹ മന്നാഡിയാർ, ജോസ് നരിമാൻ, ഡിഐജി മാരാർ, ഭദ്രൻ പിന്നെ ഹൈദർ മരക്കാർ.
ഹൈദർ മരക്കാരെന്ന വില്ലൻ ആര് അവതരിപ്പിക്കണം എന്ന് ചിന്തിച്ചിരുന്നോ?
ഇൗ കഥയുടെ ചിന്ത തന്നെ ആ പേരായിരുന്നു. അത്ര കരുത്തനായ വില്ലൻ. നായകനോളം പോന്ന വില്ലൻ. ജോഷിയുടെ സിനിമയിൽ മുൻപ് പ്രഭാകരൻ അഭിനയിച്ചിട്ടുണ്ട്. വിക്രവും അങ്ങനെയാണ് എത്തുന്നത്. സൈന്യം എന്ന സിനിമയിൽ വിക്രം ഉണ്ടായിരുന്നു. ആ സൗഹൃദമാണ് ഭദ്രൻ എന്ന കഥാപാത്രത്തിലേക്ക് വിക്രത്തെ എത്തിക്കുന്നത്. ഹൈദർ മരക്കാരായി പ്രഭാകരൻ മതിയെന്ന് തോന്നി. കഥ പറയാൻ ഞാനും മൈസൂരു പോയിരുന്നു. ആ പേര് അദ്ദേഹത്തെ ഒരുപാട് ആകർഷിച്ചു. ഇൗ പേര് മാറ്റരുതെന്ന് അദ്ദേഹവും പറഞ്ഞു. പിന്നെ ഷമ്മി തിലകന്റെ ശബ്ദം കൂടിയായപ്പോൾ ആ കഥാപാത്രം പിന്നീട് അവിസ്മരണീയമായി.
വേറിട്ട പ്രണയം പറയുന്ന സീൻ ഇപ്പോഴും വൈറലാണ് അതെങ്ങനെ സംഭവിച്ചു?
അന്ന് ഇത് അത്ര ചർച്ചയായിരുന്നില്ല. മന്നാഡിയാർ എന്ന കഥാപാത്രത്തിന് അങ്ങനെയേ പ്രണയം പറയാൻ പറ്റൂ. മമ്മൂട്ടി അന്ന് കാമുക വേഷങ്ങളൊക്കെ ഒരുപാട് ചെയ്തിരുന്ന സമയമാണ്. ഇൗ കഥാപാത്രത്തിന്റെ പ്രണയം എന്ന അങ്ങനെയല്ലാതെ മറ്റൊരു തരത്തിലും ആലോചിക്കാൻ പറ്റുമായിരുന്നില്ല. ഇപ്പോഴാണ് അതിന് പ്രത്യേക പരിവേഷം ഒക്കെ വന്നത്. അന്ന് എഴുതി അത്രമാത്രം.
തൂക്കിക്കൊല, അതിന്റെ നിയമങ്ങളൊക്കെ സിനിമയിൽ എങ്ങനെ എത്തി?
സത്യം പറഞ്ഞാൽ അന്ന് അത് ചെയ്യുമ്പോൾ ഇത്രമാത്രം സത്യമാകുമെന്ന് കരുതിയിരുന്നില്ല. ഇപ്പോൾ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ പോകുന്നു. അതിന്റെ ഒരുക്കങ്ങളെ കുറിച്ച് വാർത്തകൾ വരുന്നു. നമ്മുടെ നാട്ടിൽ വധശിക്ഷ വളരെ അപൂർമാണല്ലോ. അന്ന് അത് എഴുതുമ്പോ ഇൗ ആരാച്ചാരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടൊക്കെ കഥയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഇപ്പോൾ അത് കൺമുന്നിൽ കാണുന്നു. അന്ന് നിയമ വശങ്ങളെ കുറിച്ച് അറിയാമായിരുന്നു. ബാക്കിയെല്ലാം കഥയ്ക്ക് വേണ്ടി എഴുതിയതാണ്.
ജയിലിലെ ഷൂട്ടിങ് അനുഭവം എന്തായിരുന്നു?
ഒരുപാട് സീനുകൾ ജയിലിന് ഉള്ളിൽ എടുക്കേണ്ടാതായിരുന്നു. അന്ന് മുഖ്യമന്ത്രി കരുണാകരനാണ്. ഞങ്ങൾ ചെന്ന് കണ്ട് അനുമതിയൊക്കെ വാങ്ങി. 12 ദിവസത്തേക്കാണ് പൂജപ്പുര ജയിലിൽ ഷൂട്ടിങിന് അനുമതി തന്നത്. പക്ഷേ മൂന്നുദിവസം കഴിഞ്ഞപ്പോൾ ചില പത്രങ്ങളിൽ വാർത്ത വന്നു. ജയിലിൽ സിനിമാ ഷൂട്ടിങ്ങുകൾ സജീവമാണ് എന്നുള്ള തരത്തിൽ. ഇതോടെ സർക്കാർ അനുമതി പിൻവലിച്ചു. അന്നും ഇന്നും ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നത് എന്താണെന്ന് വച്ചാൽ പ്രധാന സീനുകളിൽ പലതും ഇൗ കിട്ടിയ മൂന്നു ദിവസം കൊണ്ട് ജോഷി ഷൂട്ട് ചെയ്തിരുന്നു. ആ കൊലമരത്തിന് മുന്നിലെ സീൻ അടക്കം. പിന്നീട് ജയിലിന് പുറത്ത് സെറ്റിട്ടാണ് ബാക്കി സീനുകൾ തീർത്തത്.
അങ്ങനെയൊരു നിർമാതാവിനെ കിട്ടിയതും ഞങ്ങൾ അനുഗ്രഹമായി. ഒരു പരിധിയുമില്ലാതെ എം.മണി ഞങ്ങൾക്കൊപ്പം നിന്നു. നല്ല പണം മുടക്കിയാണ് അന്ന് ആ സിനിമ എടുത്തത്. അതുപോലെ നല്ല രീതിയിൽ ധ്രുവം തിയറ്ററിൽ നിന്നും കലക്ട് ചെയ്യുകയും ചെയ്തിരുന്നു.
ധ്രുവത്തിന് രണ്ടാംഭാഗം ഉണ്ടാകുമോ?
ഇല്ല. ഹൈദർ മരക്കാരെ നരസിംഹ മന്നാടിയാർ തൂക്കിക്കൊന്നു. പിന്നെ എന്തിന് രണ്ടാംഭാഗം..?
സിബിഐ പരമ്പരയിലെ പുതിയ ചിത്രത്തെ കുറിച്ച്?
ഒരു 90 ശതമാനവും തിരക്കഥ പൂർത്തിയായിട്ടുണ്ട്. ഇനി കുറച്ച് തിരുത്തലുകളൊക്കെ ചെയ്യാനുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് മെയ്–ജൂൺ മാസത്തിലാണ് കിട്ടിയിരിക്കുന്നത്. അപ്പോഴേക്കും ഷൂട്ടിങ് ആരംഭിക്കും.
മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രതികാര കഥയിലെ നായകൻ ഒരു ഹിന്ദു മാടമ്പിയും വില്ലൻ മുസ്ലീം കഥാപത്രവുമായതെന്തേ എന്ന് വിമർശിക്കുന്നവരോട് എൻ.എൻ സ്വാമിക്ക് പറയാനുള്ളത് ഇതായിരുന്നു. അന്ന് അങ്ങനെയാന്നു ചിന്തിച്ചല്ല എഴുതിയത്. ഇന്നും ആ ചിന്തയില്ല. നരസിംഹ മന്നാഡിയാരും ഹൈദർ മരക്കാരും ധ്രുവത്തിലെ നായകനും വില്ലനുമാണ്. അത്രമാത്രം.