anuradha-paudwal

പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവതി. തിരുവനന്തപുരത്ത് താമസമാക്കിയ കർമ്മല മോഡെക്സ് എന്ന യുവതിയുടേതാണ് ആരോപണം. മാതൃത്വം അംഗീകരിക്കണമെന്ന ആവശ്യവുമായി ജില്ലാ കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി. 

അനുരാധയും അരുൺ പഡ്വാളും 1969ലാണ് വിവാഹിതരായത്.1974–ൽ കർമ്മല ജനിച്ചു. സംഗീതജീവിതത്തിലെ തിരക്കുകൾ കാരണം വേണ്ട ശ്രദ്ധ നൽകാൻ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ കുടുംബസുഹൃത്തായിരുന്ന വർക്കല സ്വദേശികളായ പൊന്നച്ചൻ–ആഗ്നസ് ദമ്പതികളെ ഏൽപ്പിച്ചുവെന്നാണ് യുവതിയുടെ അവകാശവാദം. സൈനികനായിരുന്ന പൊന്നച്ചന്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയപ്പോള്‍ കുഞ്ഞിനെ തിരികെ കൊണ്ടുപോകാന്‍ അനുരാധയും ഭർത്താവും വന്നു. എന്നാല്‍ കുട്ടി അവര്‍ക്കൊപ്പം പോകാന്‍ തയ്യാറാവാത്തതിനാല്‍ മടങ്ങുകയായിരുന്നു.

 

പൊന്നച്ചന്റെയും ആഗ്നസിന്റെയും മൂന്ന് മക്കൾക്കൊപ്പമാണ് താൻ വളർന്നതെന്നും പൊന്നച്ചന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനാൽ 10–ാം ക്ലാസിനു ശേഷം തനിക്ക് പഠനം തുടരാൻ സാധിച്ചില്ലെന്നും കര്‍മ്മല പറഞ്ഞു. മൂന്ന് വർഷങ്ങൾക്കു മുൻപ് മരണക്കിടക്കയിൽ വച്ചാണ് പൊന്നച്ചൻ ഇക്കാര്യം തന്നോടു വെളിപ്പെടുത്തിയതെന്നും അന്നു മുതൽ അനുരാധയെ കാണാൻ ശ്രമിച്ചെങ്കിലും അവർ അനുമതി നൽകിയില്ലെന്നും യുവതി കൂട്ടിച്ചേർത്തു. 

 

പ്രായപൂർത്തിയായ മറ്റു രണ്ടു മക്കൾ അനുവദിക്കില്ലെന്നായിരുന്നു ഗായികയുടെ പ്രതികരണമെന്ന് കർമ്മല അവകാശപ്പെടുന്നു. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ കൗമാര കാലങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് കർമ്മലയുടെ ആവശ്യം. 

 

വിഷയവുമായി ബന്ധപ്പെട്ട് അനുരാധയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ടെന്നും മക്കളായ ആദിത്യ പഡ്വാൾ, കവിത പഡ്വാള്‍ എന്നിവർക്കൊപ്പം ജനുവരി 27–ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കർമ്മലയുടെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ യുവതിയുടെ അവകാശ വാദത്തെക്കുറിച്ച് ഗായിക ഇതുവരെ പ്രതികരിച്ചിട്ടില്ല.