ബോളിവുഡിലെ തിളങ്ങും താരങ്ങളാണ് ഹൃതിക് റോഷനും ദീപിക പദുകോണും. പക്ഷേ ഇരുവരും ഇതുവരെ ഒരു സിനിമയില്‍ പോസലും ഒന്നിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് താൻ മഹാഭാരത കഥയെ ആസ്പദമാക്കി ഒരു ചിത്രം നിർമിക്കാൻ പോകുന്നുവെന്ന് ദീപിക പ്രഖ്യാപിച്ചത്. ഈ ചിത്രത്തിൽ ഭഗവാൻ കൃഷ്ണനായി വേഷമിടുക ഹൃതിക്കായിരിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 

നേരത്തെ സിനിമ പ്രഖ്യാപിക്കുന്ന വേളയിൽ തന്നെ താന്‍ ആയിരിക്കും പാഞ്ചാലിയുടെ വേഷത്തിലെത്തുക എന്ന് ദീപിക പറഞ്ഞരുന്നു. നിർമാതാവായ മധു മണ്ടേനയും ദീപികയും ചേർന്നാണ് ചിത്രം നിർമ്മിക്കുക. മധു മണ്ടേനയും ഹൃതിക്കും അടുത്ത സുഹൃത്തുക്കളാണ്. ഹൃതിക്കുമായി സിനിമയെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ് എന്നാണ് റിപ്പോർട്ട്. കൃഷ്ണന്റെ വേഷം ഏതൊരു നടനെ സംബന്ധിച്ചും സ്വീകരിക്കാവുന്ന വെല്ലുവിളിയാണ്. അതേസമയം മെഗാബജറ്റിൽ ഒരുക്കുന്ന രാമായണം എന്ന സിനിമയിൽ ദീപികയും ഹൃതിക്കും സീതയും രാമനുമായി വേഷമിടുമെന്നും വാർത്തകളുണ്ടായിരുന്നു. നിതേഷ് തിവാരിയും രവി ഉദ്യവാറും ചേർന്നാകും സംവിധാനമെന്നായിരുന്നു വാർത്ത. എന്നാൽ ഇത് നിഷേധിച്ച് സംവിധായകർ രംഗത്തെത്തി. അത് വെറും പ്രചരണം മാത്രമാമെന്നാണ് ഇവർ പറയുന്നത്.

പാഞ്ചാലിയായി വേഷമിടാൻ സാധിക്കുന്നതിൽ ഏറെ ആകാംക്ഷയുണ്ടെന്ന് ദീപിക പറഞ്ഞിരുന്നു. തന്റെ എക്കാലത്തെയും മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് ദീപിക വ്യക്തമാക്കിയത്. സിനിമയിൽ പാഞ്ചാലിയുടെ കാഴ്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. മുൻപ് വന്ന മഹാഭാരത സിനിമകളിൽ നിന്നും ഇത് വ്യത്യസ്തമാകുന്നതും അതുകൊണ്ടാണ്. 2021 ദീപാവലി റിലീസായിട്ടാകും ചിത്രം എത്തുക.