എംജിആറിനെ സ്ക്രീനിൽ അവതരിപ്പിക്കുകയാണ് ഇന്ദ്രജിത്ത്. ഗൗതം മേനോനും പ്രസാദ് മുരുകേശനും ചേർന്നു സംവിധാനം ചെയ്യുന്ന ‘ക്വീൻ’ എന്ന തമിഴ് വെബ് സീരീസിലാണ് ഇന്ദ്രജിത്ത് ജിഎംആർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ കഥാപാത്രവുമായി ബന്ധപ്പെട്ട അഭിപ്രായത്തിന് ഇന്ദ്രജിത്ത് നൽകിയ മറുപടി വൈറലാകുന്നു.
ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയുടെ ട്വീറ്റിനായിരുന്നു ഇന്ദ്രജിത്തിന്റെ ‘ക്ലാസ്’ മറുപടി. ‘വെള്ളിത്തിരയിലെ എംജിആറിനെ മോഹൻലാലിനോളം മികച്ചതായി മറ്റാർക്കും അവതരിപ്പിക്കാനാകില്ല. എന്നെ സംബന്ധിച്ചടത്തോളം അദ്ദേഹമാണ് ബെസ്റ്റ്.’–ഇതായിരുന്നു ട്വീറ്റ്.
‘അതിനു തർക്കമില്ലെന്നും അതിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി. ഇന്ദ്രജിത്തിന്റെ മറുപടി കണ്ടതിനു ശേഷമായിരുന്നു ഗൗതം മേനോന്റെ പ്രതികരണം.
‘നിങ്ങൾ ഒരു നല്ല മനസിനുടമയാണ്. ഈ മറുപടി നിങ്ങളുടെ ‘ക്ലാസി’നെ സൂചിപ്പിക്കുന്നു. രണ്ടാമത് മികച്ചത് ആകുന്നതും വലിയ കാര്യമാണ്. മണി സർ, ലാൽ സർ എന്നീ ഇതിഹാസങ്ങൾക്കു ശേഷമാണ് നമ്മുടെ സ്ഥാനം.’–ഗൗതം മേനോൻ കുറിച്ചു.
ഡിസംബർ 14ന് റിലീസ് ചെയ്ത വെബ് സീരിസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.