തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന വെബ് സീരിസ് ക്യൂനിന്റെ റിലീസ് ഇന്ന്. മലയാളിയായ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനും പ്രശാന്ത് മുരുകേശനുമാണ് രണ്ടു ഭാഗങ്ങളുള്ള വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. മുതിര്‍ന്ന നടി രമ്യ കൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്
നടിയായി എത്തി തമിഴകത്തിന്റെ അമ്മയായി മാറിയ ജയലളിതയുടെ ജീവിതം അഭ്രപാളികളിലെത്തിക്കാന്‍ പലരും ശ്രമങ്ങള്‍ തുടരുകയാണ്. അതില്‍ ആദ്യത്തേതാണ് ക്യൂന്‍ എന്ന വെബ് സീരീസ്. സംവിധായകന്‍ ഗൗതം മേനോന്‍ അനിത ശിവകുമാറിന്റെ നോവലിനെ ആസ്പദമാക്കിയതാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. പഠനത്തില്‍ മുന്നില്‍ നിന്നിരുന്ന കുട്ടി സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ സിനിമയിലും തുടര്‍ന്ന് രാഷ്ട്രീയത്തിലുമെത്തി കരുത്തയാകുന്നതാണ് കഥ. ജയലളിതയുമായി ബന്ധമില്ലെന്നു അണിയറ പ്രവര്‍ത്തതകര്‍ പറയുമ്പോഴും തലൈവിയുടെ ജീവിതവുമായി സാമ്യമുണ്ടെന്ന് ട്രെയിലറില്‍ നിന്ന് തന്നെ വ്യക്തമാണ്. രമ്യാ കൃഷ്ണനാണ് ജയയുടെ വേഷത്തിലെത്തുന്നത്. എം.ജി.ആറായി നടന്‍ ഇന്ദ്രജിത്തും. എം.എക്സ് പ്ലെയര്‍ നിര്‍മ്മിക്കുന്ന വെബ് സീരിസ് 11 എപ്പിസോഡുകള്‍ ഉള്ള രണ്ടു ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗമാണ് ഗൗതം മേനോന് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗം പ്രശാന്ത് മുരുകേശന്‍ ഒരുക്കും.
അനുമതിയില്ലാതെയാണ് വെബ് സീരീസും തലൈവിയെന്ന പേരില്‍ എ.എല്‍ വിജയ് സിനിമയും നിര്‍മ്മിച്ചതെന്നു കാണിച്ചു ജയലളിതയുടെ ബന്ധു ദീപ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിപോയതിനെ തുടര്‍ന്നാണ് ബയോപികുകള്‍ പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടായത്