നടി അനു സിത്താര തമിഴ് പ്രണയഗാനത്തിനൊപ്പം ചുവട് വെക്കുന്ന വിഡിയോ വൈറലാകുന്നു. സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയ ഗാനമായ ‘പൂവേ സെംപൂവേ നിൻ വാസം വരും....’ എന്ന പാട്ടിനൊപ്പമാണ് ചുണ്ടുകൾ ചലിപ്പിച്ച് നാണത്തോടെ പ്രണയാർദ്രമായി ചുവട് വയ്ക്കുന്നത്. ചെത്തിപ്പൂ കയ്യിൽ പിടിച്ചു കൊണ്ടഭിനയിച്ച വിഡിയോ അനു സിത്താര തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഇതോടെ പ്രശംസയുമായി ആരാധകരും രംഗത്തു വന്നു. ചുവടുകളും മുഖഭാവങ്ങളും ഏറെ മനോഹരം എന്നു പറഞ്ഞ് ആരാധകർ കമന്റുകൾ രേഖപ്പെടുത്തി. ഡാൻസിന്റെ അവസാന നിമിഷത്തിൽ വരികൾ പറയാതെ ക്യാമറയിലേക്ക് നോക്കി ചിരിക്കുന്ന താരത്തെയും വിഡിയോയിൽ കാണം.
ബി. ലെനിൻ സംവിധാനം ചെയ്ത് 1988–ൽ പുറത്തിറങ്ങിയ ‘സൊല്ല തുടിക്കുതു മനസ്’ എന്ന ചിത്രത്തിലെ ഗാനമാണിത്. സംഗീതചക്രവർത്തി ഇളയരാജ ഈണം പകർന്ന പാട്ട് യേശുദാസും സുനന്ദയും ചേർന്ന് ആലപിച്ചിരിക്കുന്നു. റിലീസ് ചെയ്ത് പതിറ്റാണ്ടുകൾ പിന്നിട്ട ഈ ഗാനം എവർഗ്രീൻ സൂപ്പർഹിറ്റുകളുടെ പട്ടികയിൽ ഇന്നുമുണ്ട്.