തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും തമിഴകത്തിന്റെ 'തലൈവി'യുമായി കങ്കണ റണാവത്ത് എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയ ഉടൻ വൈറലായിരുന്നു. തമിഴിൽ 'തലൈവി' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ 'ജയ' എന്ന പേരിലാണ് എത്തുന്നത്.
വൻ മേക്കോവറിലാണ് കങ്കണ തലൈവിയായി പ്രത്യക്ഷപ്പെടുന്നതെങ്കിലും ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ ട്രോളുകളും സജീവമായി. കങ്കണക്ക് ജയലളിതയുമായി യാതൊരു സാമ്യവും ഇല്ലെന്നും ബൊമ്മ പോലെയാണ് കാണപ്പെടുന്നതുമെന്നുമാണ് പരിഹാസം. ടീസർ പുറത്തുവന്നതിനു പിന്നാലെ, തങ്ങൾ തീര്‍ത്തും നിരാശരാണെന്നു പറയുന്ന തലൈവി ആരാധകരുമുണ്ട്.
ജയലളിതയുടെ സിനിമാ–രാഷ്ട്രീയ ജീവിതം വ്യക്തമായി പറയുന്നു എന്ന സൂചന നൽകുന്നതാണ് ടീസർ. ജയലളിതയുടെ പഴയ കാല സിനിമയിലെ ഒരു നൃത്തരംഗവും രാഷ്ട്രീയക്കാരിയായ ശേഷമുള്ള അവരുടെ രൂപമാറ്റവും ടീസറിൽ കാണാം.
എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോസ് ആഞ്ചലസിലെ ജേസണ്‍ കോളിന്‍സ് സ്റ്റുഡിയോയിലാണ് ജയലളിതായാകാനുള്ള കങ്കണയുടെ വേഷപ്പകര്‍ച്ച നടന്നത്.
ചിത്രത്തിൽ എംജിആർ ആയി അഭിനയിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.
'നിങ്ങള്‍ക്കറിയുന്ന പേര് എന്നാല്‍ നിങ്ങള്‍ക്കറിയാത്ത ജീവിത കഥ' എന്ന ടാഗ്‍ലൈനടെയാണ് ടീസർ പുറത്തിറങ്ങിയത്.