ആസിഫ് അലി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കെട്ടിയോളാണ് എന്റെ മാലാഖ'. മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ പുതുമുഖതാരം വീണ നന്ദകുമാറാണ് നായിക. സിനിമയെക്കുറിച്ചും സിനിമയുടെ പേരിനെക്കുറിച്ചും ആ പേരിന് ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ചും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആസിഫ് തുറന്നു സംസാരിച്ചത് വൈറലാകുകയാണ്.
കെട്ടിയോൾ മാലാഖയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് തീർച്ചയായും അതെ എന്നായിരുന്നു ആസിഫിന്റെ മറുപടി. തുടർന്ന് അതിനുള്ള കാരണങ്ങളും പറഞ്ഞു. ''ഈ ടീഷര്‍ട്ട് ഭാര്യ അയേണ്‍ ചെയ്തു തന്നതാണ്. ഇടയ്ക്കിടെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്താറില്ല. സിനിമ ഷൂട്ടിങ്ങിനിടയില്‍ വല്ലപ്പോഴും വിളിക്കുമ്പോള്‍ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞ് സമ ചോദിക്കും- ഇക്ക ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ പേരെന്തായിരുന്നുവെന്ന്. ഇങ്ങനെ ഒരുപാടു തവണ പേരു പറഞ്ഞുകൊടുത്തു. അവസാനം എനിക്കു ദേഷ്യം വന്നുതുടങ്ങി. ഞാനഭിനയിക്കുന്ന സിനിമയുടെ പേരു പോലും ഓര്‍ത്തിരിയ്ക്കാന്‍ നിനക്കു വയ്യേയെന്ന് ചോദിച്ചു. അപ്പോള്‍ അവള്‍ പറയുകയാണ്. അല്ല, കെട്ട്യോളാണ് എന്റെ മാലാഖ എന്ന് ഇക്ക പറയുന്നതു കേള്‍ക്കാന്‍ വേണ്ടിയാണിതെന്ന്'', ആസിഫ് പറഞ്ഞുനിർത്തി.