മലയാളത്തിലെ ഒരു സൂപ്പർഹിറ്റ് ചിത്രം കണ്ട് താനും അമ്മയും തിയേറ്ററിൽ നിന്ന് ഉറങ്ങിപ്പോയിട്ടുണ്ടെന്നും ആ ചിത്രം തനിക്ക് ഇഷ്ടമായില്ലെന്നും നടി നൈല ഉഷ. പക്ഷേ താൻ ഉറങ്ങിപ്പോയ ആ സിനിമ സൂപ്പർഹിറ്റ് ആയെന്നും നൈല പറഞ്ഞു.
റേഡിയോ മാംഗോയ്ക്കു നൽകിയ അഭിമുഖത്തിലാണ് നൈല തന്റെ അനുഭവം തുറന്നു പറഞ്ഞത്. ശേഷം ഈ സംഭവം ചിത്രത്തിന്റെ രചയിതാവിനോട് പറയുകയും ചെയ്തിരുന്നു എന്നും നൈല വ്യക്തമാക്കുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ അഭിനേതാക്കളായ നൈലയും ജോജു ജോർജുമായിരുന്നു പരിപാടിയിൽ പങ്കെടുത്തത്.
നൈലയുടെ അനുഭവം കേട്ടപ്പോള്‍ ആ ചിത്രമേതെന്ന് അറിയാൻ ജോജുവിനും ആകാംക്ഷ. വളരെ പതിഞ്ഞ സ്വരത്തിൽ ചിത്രത്തിന്റെ പേര് നൈല പറഞ്ഞു. അവതാരകൻ ചോദിച്ചപ്പോളും ആംഗ്യ ഭാഷയിലാണ് നൈല മറുപടി നൽകിയത്. ചുണ്ടനക്കത്തിൽ നിന്നും 'അങ്കമാലി ഡയറീസ്' എന്നാണ് വായിക്കാനാവുന്നതെന്ന് പ്രേക്ഷകർ പറയുന്നു. മാത്രമല്ല നൈല നായികയായി എത്തിയ പൊറിഞ്ചു മറിയം ജോസിൽ ചെമ്പൻ വിനോദും അഭിനയിച്ചിരുന്നു. അങ്കമാലി ഡയറീസിന് തിരക്കഥ എഴുതിയിരിക്കുന്നത് ചെമ്പൻ വിനോദ് ആണ്. പൊറിഞ്ചു മറിയത്തിന്റെ ചിത്രീകരണത്തിനിടെയാകും നൈല ഇക്കാര്യം ചെമ്പനോട് പറഞ്ഞതെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.