22 വർഷം മുന്‍പുള്ള ഓർമകൾ പങ്കുവെച്ച് നടി പൂർണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് 1997 ൽ വനിതയുടെ കവർ ഗേള്‍ ആയതിനെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പ് താരം പങ്കുവെച്ചത്. 18വയസ്സുകാരിയായ ആദ്യ വർഷ കോളജ് വിദ്യാർത്ഥിനി ആയിരുന്നു പൂർണിമ അപ്പോൾ. രാജൻ പോൾ ആണ് വനിതക്കു വേണ്ടി ചിത്രം പകർത്തിയത്. ഫോട്ടോഷൂട്ടിനു വേണ്ടി ഉപയോഗിച്ച സാരിയും ജ്വല്ലറിയും അമ്മയുടേതും നഖം തന്റെ സ്വന്തമാണെന്നും ഹാസ്യാത്മകമായി കുറിപ്പിൽ പറയുന്നുണ്ട്. 

"അന്നെനിക്ക് 18 വയസ്സ്. കോളജിൽ ആദ്യ വർഷം. 22 വർഷം കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയക്കും സ്മാർട്ട് ഫോണിനും മുൻപുള്ള പൂർണിമ മോഹൻ. കനത്തിൽ വരച്ച കൺപീലികൾ അനക്കി ക്യാമറക്കു മുൻപിൽ ഇമ ചിമ്മാൻ ശ്രമിച്ച എന്നെക്കുറിച്ചുള്ള ഓർമകൾ ഇപ്പോഴുമുണ്ട്.

സിനിമയിലേയ്ക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്. സ്വപ്നങ്ങള്‍ യാഥാർഥ്യമാകുന്ന സമയം. ഇന്ന് ഞാൻ ഇവിടെ വരെ എത്തിയതും സ്വപ്നം കണ്ടുതന്നെയാണ്.  വലിയ സ്വപ്നങ്ങൾ കാണൂ. ഒരുകാര്യം ചിത്രത്തിലെ ആ നഖം യഥാർഥത്തിൽ എന്റേത് തന്നെയാണ്'', പൂർണിമ കുറിച്ചു.