മണിച്ചിത്രത്താഴെന്ന സിനിമയോളം പ്രിയപ്പെട്ടതാണ് മലയാളിക്ക് ' ഇന്നേക്ക് ദുർഗ്ഗാഷ്ടമി... എന്ന് തുടങ്ങുന്ന ഡയലോഗ്. ഗംഗയും നാഗവല്ലിയും സണ്ണിയുമെല്ലാം 25 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളാണ്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപിയും ശോഭനയും ഒന്നിച്ചഭിനയിക്കുകയാണ്. ഷൂട്ടിങിനായി സെറ്റിലെത്തിയപ്പോഴുള്ള ചിത്രമാണ് നകുലനും ഗംഗയും വീണ്ടും ഒരു ദുർഗാഷ്ടമി ദിനത്തിൽ കണ്ടുമുട്ടിയെന്ന അടിക്കുറിപ്പോടെ സുരേഷ്ഗോപി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.
എന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലെ സുവർണതാരങ്ങൾ എന്ന കുറിപ്പോടെ ചിത്രം ദുൽഖറും പങ്കുവച്ചിട്ടുണ്ട്. തന്റെ ഭാഗ്യമായാണ് ഇതിനെ കാണുന്നതെന്നും താരം കുറിച്ചു.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരങ്ങൾ ഒന്നിക്കുന്നത്. ദുൽഖറും കല്യാണി പ്രിയദർശനും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നു. ദുൽഖർ നിർമ്മിക്കുന്ന ചിത്രം കൂടെയാണിത്. ചെന്നൈയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന് ഇതുവരേക്കും പേരിട്ടിട്ടില്ല.