aparna-interview
ആദ്യ സിനിമ മുതൽ ഇപ്പോൾ വരെ സിനിമാ മേഖലയിൽ താൻ വളരെയധികം സുരക്ഷിതയാണെന്ന് നടി അപർണ ഗോപിനാഥ്. ദുൽഖർ സൽമാനൊപ്പവും മമ്മൂട്ടിക്കൊപ്പവും രണ്ട് സിനിമകൾ വീതം ചെയ്തിട്ടുണ്ട്. രണ്ടും വ്യത്യസ്ത അനുഭവങ്ങളായിരുന്നു. സിനിമകൾ തിരഞ്ഞെടുക്കുന്നത് തനിക്ക് എന്തെങ്കിലും ചെയ്യാനുള്ള റോളാണോ എന്ന് നോക്കിയാണ്. നായികാ കഥാപാത്രമാകണമെന്ന് നിർബന്ധമില്ലെന്നും അപര്‍ണ. മനോരമ ന്യൂസ് ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് അപർണ മനസ്സ് തുറക്കുന്നത്.

അപര്‍ണ കേന്ദ്രകഥാപാത്രമായെത്തുന്ന സെയ്ഫ് എന്ന ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. ഒരു സാമൂഹിക അവബോധം നല്‍കുന്ന സിനിമയാണ് സെയ്ഫ്. നാടകമാണ് തന്റെ പ്രധാന മേഖല. സിനിമയിലേക്ക് വരാന്‍ ഒരു പ്ലാനും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ലഭിക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ട് തൃപ്തിപ്പെടുന്നു. സിനിമയോടായി പ്രത്യേക താല്‍പര്യം ഇല്ല. അഭിനയമാണ് എല്ലാം. അത് നാടകമായാലും സിനിമ ആയാലും സ്വീകരിക്കും. മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ അതൊന്നും എനിക്ക് ചെയ്യാന്‍ എന്തെങ്കിലുമുള്ളതായി തോന്നിയിട്ടില്ല. 

ലുക്ക് കൊണ്ടാണ് അപര്‍ണ പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഏഴ് മുതല്‍ എട്ട് വരെ സ്റ്റഡുകളാണ് കാതില്‍ കുത്തിയിരിക്കുന്നതെന്നും അപര്‍ണ. മുടി വളര്‍ത്താത്തും നല്ലതല്ലേ എന്നാണ് ചോദിക്കുന്നത്. ചൂടുള്ളപ്പോള്‍ വിയര്‍ക്കില്ല. നല്ല കംഫര്‍ട്ടബിളാണ്. വേണമെങ്കില്‍ മുടി വച്ചു പിടിപ്പിക്കാമെന്നും അപര്‍ണ പറയുന്നു. സിനിമയുടെ വിജയ പരാജയങ്ങളെക്കുറിച്ചും അപര്‍ണ ഇങ്ങനെ വിലയിരുത്തുന്നു. സിനിമ ജയിച്ചാല്‍ സന്തോഷമുണ്ടെന്നും പരാജയപ്പെട്ടാല്‍ വിഷമം ഉണ്ടാകുന്നതില്‍ ഉപരി ഒരു പാഠമായി ഉള്‍ക്കൊള്ളുമെന്നുമാണ് പറയുന്നത്. രാഷ്ട്രീയ വീക്ഷണങ്ങളില്ലെന്നും വോട്ട് ചെയ്യും അതാണ് തന്റെ രാഷട്രീയമെന്നും വ്യക്തമാക്കുന്നു. 

ഭാവിയില്‍ സിനിമ നടി അല്ലെങ്കില്‍‍ തിയറ്റര്‍ ആര്‍ടിസ്റ്റ് എന്നതിലുപരി നല്ല നടിയെന്നും നല്ല വ്യക്തി എന്നും അറിയപ്പെടാനാണ് താല്‍പര്യം. എല്ലാവരും സെയ്ഫ് എന്ന ചിത്രം കാണണമെന്നും വിജയിപ്പിക്കണമെന്നും അപര്‍ണ അഭ്യര്‍ഥിക്കുന്നു. സെയ്ഫ് ' സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ് കാളിയപുരത്താണ്. അനുശ്രീ ,അപർണ്ണ ഗോപിനാഥ്, സിജു വിൽസൺ, ഹരിഷ് പേരടി,  തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ എത്തുന്നു. സിനിമയ്ക്കൊപ്പം സ്ത്രീ സുരക്ഷയ്ക്കായി 'സെയ്ഫ് ' എന്ന ആപ്പും പുറത്തിറങ്ങും.