vasundhara-das

വസുന്ധര ദാസിനെ മറന്നുകാണില്ല. രാവണപ്രഭുവിലെ ബോൾഡ് ആയ പെൺകുട്ടിയെ മമ്മൂട്ടിക്കൊപ്പം വജ്രത്തിലും നമ്മൾ കണ്ടു. പിന്നീട് സിനിമയിൽ വസുന്ധര ദാസിനെ കണ്ടിട്ടില്ലെങ്കിലും സംഗീതരംഗത്ത് സജീവമായിരുന്നു. 

അഭിനയരംഗത്തേക്ക് എത്തിയതിനെക്കുറിച്ചും പിന്നീട് സജീവമാകാതിരുന്നതിനെക്കുറിച്ചും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

ഹേ റാം എന്ന ചിത്രത്തിലൂടെയാണ് വസുന്ധര അഭിനയംരംഗത്തെത്തിയത്. അപ്രതീക്ഷിതമായിരുന്നു ആ വരവെന്നാണ് താരം പറയുന്നത്. അതില്‍ അഭിനയിക്കാൻ തന്നെ കാരണം സംഗീതമാണ്. കമൽഹാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയാണ് ആകർഷിച്ചത്. മികച്ച പാട്ടുകളുമുണ്ടായിരുന്നു. ആ ചിത്രത്തില്‍ വേഷമിട്ടതോടെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. അതോടെ സംഗീതരംഗത്തും പ്രശസ്തി നേടുവാന്‍ കഴിഞ്ഞു. മല്ലിപ്പൂ ചൂടി സാരി ചുറ്റി നടക്കുന്ന കഥാപാത്രമായിരുന്നു. ബെംഗളൂരുപോലൊരു മെട്രോ നഗരത്തില്‍ വളര്‍ന്നതുകൊണ്ട് അതൊരു പുതിയ അനുഭവമായിരുന്നുവെന്നും വസുന്ധര പറയുന്നു.  

അതിനുശേഷമാണ് മലയാളത്തിലേക്ക് ക്ഷണം വരുന്നത്. രാവണപ്രഭുവിന്റെ സെറ്റിലെത്തിയപ്പോള്‍ ആദ്യം അഭിനയിച്ചത് പൊട്ടുകുത്തെടീ പുടവ ചുറ്റെടീ എന്ന പാട്ടിലായിരുന്നു. അഞ്ച് ദിവസത്തോളം തുടര്‍ച്ചയായി ഓടുകയായിരുന്നു ജോലി. ത്രീ ഫോര്‍ത്തും തൊപ്പിയുമായിരുന്നു വേഷം. വളരെ കംഫർട്ടബിളായി അഭിനയിച്ച ചിത്രമായിരുന്ന അത്.

സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കാതിരുന്നത്. സിനിമയിലേക്ക് മടങ്ങവരുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഇതുവരെ സംഭവിച്ച കാര്യങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നുവെന്നും താരം പറയുന്നു.