ഓരോ കഥാപാത്രത്തിന്റെയും പൂർണ്ണതയ്ക്കുവേണ്ടി ഏതറ്റം വരെയും പരിശ്രമിക്കുന്ന താരമാണ് മമ്മൂട്ടി. കഥാപാത്രത്തിന്റെ സൂക്ഷ്മാംശം പോലും മമ്മൂട്ടിയെന്ന മഹാനടന്റെ കൈകളിൽ ഭദ്രമാണ്. ഭൂതകണ്ണാടിയിലെ വിദ്യാധരൻ നായർ എന്ന കഥാപാത്രത്തിന്റെ ഇത്തരം മൈന്യൂട്ടായിട്ടുള്ള സവിശേഷത മമ്മൂട്ടി പങ്കുവെച്ചു. രമേശ് പിഷാരടിയുടെ ചോദ്യത്തിനാണ് മമ്മൂട്ടി ഭൂതക്കണ്ണാടിയുടെ ഓർമകളിലേക്ക് തിരികെപ്പോയത്.
ഇക്ക 400 നടുത്ത് കഥാപാത്രങ്ങൾ ചെയ്തയാളാണ്. പല കഥാപാത്രങ്ങളിലും മൈന്യൂട്ടായിട്ടുള്ള കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് അഭിഭാഷകന്റെ കേസ് ഡയറിയിൽ ഇടത്തേ കൈ കൊണ്ട് എഴുതുന്നു, പല കഥാപാത്രങ്ങളുടെയും നടത്തത്തിൽ ശരീരഭാഷയിൽ ഒക്കെ ചെറിയ ചെറിയ വ്യത്യാസങ്ങൾ കൊണ്ടു വരുന്നുണ്ട്. ഈ സിനിമയിലും അങ്ങനെ കൊണ്ടു വരുന്നുണ്ട് അതെന്താണ് ? എന്നതായിരുന്നു രമേശ് പിഷാരടിയുടെ ചോദ്യം. മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ:
ഇതിനകത്ത് അങ്ങനെയൊരു മാനറിസം ഡെലിബറേറ്റായിട്ടില്ല. അങ്ങനെ വ്യത്യസ്തമായിട്ടൊരു മാനറിസം വേണമെങ്കിൽ മാത്രമേ അതിനെപ്പറ്റി ആലോചിക്കാറുള്ളൂ. ഭൂതക്കണ്ണാടിയിൽ അയാളൊരു സ്കീസോഫ്രീനിക് ആണ് ചെറുപ്പം മുതൽ. പിന്നീടാണത് മൂത്തു പോകുന്നത്. അയാളുടെ തല നേരെ നിൽക്കില്ല. അത് ശ്രദ്ധിച്ചാൽ മാത്രമേ അറിയാൻ പറ്റൂ. അതുപോലെ തന്നെ യാതൊരു ഭാവഭേദവുമില്ലാത്ത കഥാപാത്രമാണ് ബിഗ് ബിയിലെ ബിലാൽ. കഥാപാത്രം അത്തരത്തിൽ സ്റ്റോൺ ഫെയ്സ്ഡാകണമെന്ന് പിന്നീടാണ് തീരുമാനിച്ചത്- മമ്മൂട്ടി പറഞ്ഞു.