mamta-cancer-survival

അര്‍ബുദത്തെ ചിരിയോടെ തോല്‍പിച്ച് ജയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നയാളാണ് നടി മംമ്ത മോഹൻദാസ്. പലപ്പോഴു മറ്റുള്ളവർക്ക് ഊർജം പകരാൻ ആ അതിജീവനകഥ മംമ്ത പറഞ്ഞിട്ടുമുണ്ട്. രോഗത്തോടു പോരാടാൻ നിർണായക പങ്കു വഹിച്ച ഒരമ്മയെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് മംമ്ത.  'ഈ അമ്മയുടെ സ്നേഹമാണ് ഞാൻ ജീവിച്ചിരിക്കുന്നതിന് ഒരു കാരണം,' എന്നു പറഞ്ഞുകൊണ്ടായിരുന്നു തുടക്കം.

''ഏഴു വർഷം മുൻപ് ഈ അമ്മയാണ് അമേരിക്കയിൽ ഗവേഷകനായ തന്റെ മകനോട് എന്നെ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നത്. അവരുടെ പ്രിയപ്പെട്ട താരത്തിന്റെ ആരോഗ്യ വിവരം അന്വേഷിക്കാൻ കൂടിയായിരുന്നു ആ നിർദേശം. ഞാനിന്ന് ജീവനോടെ ഇരിക്കുന്നതിന് ഒരു കാരണം ഈ അമ്മയുടെ സ്നേഹമല്ലേ? ഒരുപാടു വർഷങ്ങൾക്കു ശേഷം നീൽ ശങ്കർ സ്വന്തം അമ്മയെ എന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. നീൽ ശങ്കറിനെക്കുറിച്ച് ഞാൻ പല മാസികകളിൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ എന്റെ പല അഭിമുഖങ്ങളിലും പ്രതിപാദിച്ചിട്ടുമുണ്ട്. അതൊരു പ്രത്യേക വികാരമായിരുന്നു. ചിലത് വാക്കുകൾ കൊണ്ടു പ്രകടിപ്പിക്കാൻ കഴിയില്ല. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ല. ഏറ്റവും ഭ്രാന്തമായ പുഞ്ചിരിയും കണ്ണീരുമായിരുന്നു അത്. രണ്ടും ഒരുമിച്ചെത്തിയ നിമിഷം! കടപ്പാടിന്റെ കൊടുമുടിയിലേറിയ നിമിഷങ്ങൾ. നന്ദി അമ്മേ!'', മംമ്ത ഫെയ്സ്ബുക്കിൽ കുറിച്ചു.