നടൻ ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്നു. ഇന്നാണ് ആ ചിത്രത്തിന്റെ പൂജ നടന്നത്. ചടങ്ങിൽ താരമായത് ദിലീപും മകൾ മീനാക്ഷിയും ആണ്. അച്ഛന്റെയും മകളുടെയും ചുറ്റുമായിരുന്നു പൂജ ചടങ്ങ് കവർ ചെയ്യാൻ എത്തിയ ക്യാമറാ കണ്ണുകൾ. അനൂപിന്റെയും കുടുംബത്തിന്‍റെയുമൊപ്പം സെൽഫിയെടുക്കുകയും മറ്റ് അതിഥികളോട് സംസാരിക്കുകയും ചെയ്യുന്ന മീനാക്ഷിയായിരുന്നു ശ്രദ്ധാകേന്ദ്രം. 

ഹരിശ്രീ അശോകൻ, സാദിഖ്, നന്ദു പൊതുവാൾ, ആൽവിൻ ആന്റണി എന്നിവരും പൂജ ചടങ്ങിൽ പങ്കെടുത്തു. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിലാണ് അനൂപിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഈ സിനിമയുടെ നിര്‍മ്മാണം. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകനാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.

ചിത്രത്തിന്റെ മറ്റ്‌ താര നിരയെ കുറിച്ചും അണിയറ പ്രവർത്തകരെ കുറിച്ചുമുള്ള വിവരങ്ങൾ ഉടന്‍ പുറത്തു വിടും. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രം ആണിത്.