നായക കഥാപാത്രത്തെ ഇനി അവതരിപ്പിക്കില്ലെന്ന് തമിഴ് നടൻ യോഗി ബാബു. അദ്ദേഹം നായകനായ ധര്‍മപ്രഭു എന്ന ചിത്രം റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് യോഗി ബാബുവിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ യോഗി ബാബുവും എത്തിയിരുന്നു. ആനുകാലിക ആക്ഷേപ ഹാസ്യ ചിത്രമായ ധര്‍മ പ്രഭുവില്‍ യമധര്‍മന്റെ പുത്രനായിട്ടാണ് യോഗി ബാബു എത്തുന്നത്.ഷോ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് യോഗി ബാബു, താന്‍ ഇനി നായക കഥാപാത്രത്തെ അവതരിപ്പിക്കാനില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
‘ജനങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു. തെറ്റുകള്‍ മനസ്സിലാക്കാനും അവ തിരുത്താനും ഞാന്‍ തയാറാണ്. നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താത്പര്യമില്ല. ഇനി മുതല്‍ ഹാസ്യ കഥാപാത്രങ്ങളില്‍ മാത്രമായിരിക്കും എന്റെ ശ്രദ്ധ.’–യോഗി ബാബു പറഞ്ഞു.
മുത്തുകുമരന്‍ ഒരുക്കിയ ധര്‍മപ്രഭു ഒരു ഫാന്റസി ത്രില്ലറാണ്. യമലോകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ചെന്നൈയിലെ എ.വി.എം സ്റ്റുഡിയോയില്‍ രണ്ടു കോടി രൂപ മുതല്‍ മുടക്കില്‍ രൂപകല്‍പന ചെയ്ത കൂറ്റന്‍ സെറ്റില്‍ വച്ചാണ് സിനിമ ചിത്രീകരിച്ചത്. കൊലമാവ് കോകില എന്ന ചിത്രത്തിലും യോഗി ബാബു നയൻതാരയെ പ്രണയിക്കുന്ന കഥാപാത്രമായി എത്തിയിരുന്നു.