mammootty-dileep-lohi

നൊമ്പരങ്ങളുടെയും വേദനകളുടെയും വല്ലാത്ത പ്രതീക്ഷകളുടെയും കാഴ്ചയായിരുന്നു ലോഹിതദാസ് അകത്തുനിന്നു നോക്കുമ്പോഴും ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോഴും അമരാവതി സമ്മാനിച്ചത്. ആ ജീവിതക്കാഴ്ചകളെ ഹൃദയം കൊണ്ട് വരച്ചിടാനും അയാള്‍ ആ വീട് ഉപയോഗിച്ചു. ഒടുവില്‍ മഴയെ പുണര്‍ന്ന് ഉറങ്ങാന്‍ തിരഞ്ഞെടുത്ത മണ്ണും അതുതന്നെയായിരുന്നു. ലോഹിതദാസ് എന്ന എഴുത്തുകാരനും സിനിമാക്കാരനും അതിനൊപ്പം അദ്ദേഹത്തെ സ്നേഹിച്ച ആയിരങ്ങള്‍ക്കും അമരാവതി ആ ഇഷ്ടത്തിന്റെ തീര്‍ഥാടന കേന്ദ്രം കൂടിയാണ്. ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍ മാഷിന്റെ വിഭ്രാന്തികളെ കോറിയെടുത്തതും ഇവിടെ നിന്നായിരുന്നു.

വിട പറഞ്ഞിട്ട് പതിറ്റാണ്ടിനോട് അടുക്കുമ്പോഴും അമരാവതിയുടെ പൂമുഖത്ത് ഇപ്പോഴും ലോഹിയുണ്ടെന്ന് വിശ്വസിക്കാനാണ് മലയാളിക്ക് ഇഷ്ടം. കാരണം എവിടെ പോയാലും തിരിച്ച് വന്ന് ചാരിയിരിക്കാന്‍ അമരവാതിയുടെ പൂമുഖം സ്വപ്നത്തില്‍ നിന്നും സത്യത്തിലേക്ക് ലോഹി സ്വന്തമാക്കിയിരുന്നു. 1997ൽ ഭൂതക്കണ്ണാടിയിലൂടെ സംവിധായകന്റെ തൊപ്പി അണിഞ്ഞപ്പോഴാണ് അമരാവതി ലോഹിതദാസ് സ്വന്തമാക്കിയത്.

ലൊക്കേഷനുകൾ അന്വേഷിച്ചുള്ള അലച്ചിലിനിടയിലാണു നാട്ടുപച്ച പുതച്ച, ഏത് വേനലിലും വറ്റാത്ത കുളമുള്ള ആ വീട് കണ്ണിൽപ്പെട്ടത്. ഓരോ സിനിമയുടെയും ഇടവേളകളിൽ അമരാവതിയിലെത്തുന്ന ലോഹിതദാസിനു പിന്നീടുള്ള ദിവസങ്ങൾ വിശ്രമത്തിന്റേതായിരുന്നു. മണ്ണിനെയും മനുഷ്യനെയും കളങ്കമില്ലാതെ അടുത്തു കാണാൻ കഴിഞ്ഞതാണു വള്ളുവനാടിനെ ലോഹിതദാസിന് അത്ര മേൽ‌ പ്രിയപ്പെട്ടതാക്കിയത്. ഉള്ളിൽ കഥയുടെ വിത്തു വീണാൽ പിന്നീടുള്ള ദിവസങ്ങൾ ഏതെങ്കിലും ഒറ്റമുറിയിലായിരിക്കും. ഉറക്കവും ഭക്ഷണവും എഴുത്തും മുറിയിലെ െചറിയ ലോകത്തിലേക്കു ചുരുക്കും. 

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ അവിസ്മരണീയ കഥാപാത്രമായ ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍ മാഷിനെയും തന്റെ സുഹൃത്തായ നാട്ടിന്‍പുറത്തുകാരനായ അരവിന്ദനെ ഉള്‍ക്കൊണ്ട് ദിലീപിനെ വച്ച് ചക്കരമുത്ത് ചെയ്തതും ഇൗ വീടിനൊപ്പം ചേര്‍ത്തായിരുന്നു. ചുറ്റുമുള്ള നാട്ടിലും മനുഷ്യരുടെ ഉള്ളില്‍ നിന്നും കഥയും കഥാപാത്രങ്ങളും സൃഷ്ടിക്കാന്‍ ലോഹിക്ക് പ്രത്യേക കഴിവായിരുന്നു. തങ്ങളുടെ സ്വകാര്യതയിൽ പങ്കുവച്ച പലതും അടുത്ത സിനിമയിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നതു കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നു ഭാര്യ സിന്ധു പറയുന്നു. 

 

പത്താം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സിന്ധുവും മക്കളും അമരാവതിയിലേക്കു വീണ്ടുമെത്തി. മുത്തപ്പനു പ്രിയപ്പെട്ട കുളക്കടവിലുടെയും നാട്ടുവഴികളിലൂടെയും വീണ്ടും നടന്നു. വീടിനു പിറകിൽ മഴകൊണ്ടു തുരുമ്പിച്ചു തുടങ്ങിയ പഴയ സിനിമാ റീലുകളിലേക്കും കണ്ണെത്തി. ‘കസ്തൂരിമാൻ സിനിമയുടെ പ്രിന്റാണ്. തമിഴ്നാട് സർക്കാരിന്റെ പുരസ്കാരമൊക്കെ കിട്ടിയ ചിത്രമാണ്’. ലോഹിതദാസിന്റെ ഓർമകൾക്കു പത്തുവയസാകുമ്പോഴും അകലൂർ ലക്കിടിയിൽ ഒരു സ്മാരകമെന്ന വാഗ്ദാനത്തിനും പ്രായം കൂടുകയാണ്.