ചിത്രീകരണത്തിനായി ‘ഉണ്ട’ എന്ന മലയാള സിനിമ വനനശീകരണം നടത്തിയെന്ന ആരോപണം കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും സിനിമാ കമ്പനിക്കുമെതിരെ അന്വേഷണം നടത്തണം. അന്വേഷണവും വനഭൂമി പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നടപടികളും നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കാസര്‍കോഡ് കാറഡുക്ക വനഭൂമിയില്‍ പരിസ്ഥിതി നാശം ഉണ്ടാക്കി എന്നാണ് ആരോപണം. ഈ വനഭൂമി പഴയ സ്ഥിതിയിലാക്കാനും നിര്‍ദേശമുണ്ട്. ആനിമല്‍ ലീഗല്‍ ഫോഴ്സ് ഇന്റഗ്രേഷന്‍ സംഘടനയാണ് ഹര്‍ജി നല്‍കിയിരുന്നത്. കാറഡുക്കയില്‍ വനഭൂമി നശിപ്പിച്ചത് വനംവകുപ്പ് തടഞ്ഞില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം.
വനഭൂമിയുടെ പാരിസ്ഥിതിക പ്രത്യേകതയും ആവാസ വ്യവസ്ഥയും പരിഗണിക്കാതെ വലിയതോതില്‍ ചുവന്ന മണ്ണ് എത്തിച്ച് റോഡ് ഉണ്ടാക്കിയതും സെറ്റ് നിര്‍മ്മിച്ചതും തുടക്കത്തില്‍ തന്നെ വിവാദമായിരുന്നു. വനഭൂമി പഴയപടിയാക്കിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് നടപടിയെടുക്കാമെന്നും ചിലവ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് ഷാജി പി ചാലി നിര്‍ദേശിച്ചു.
ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന മലയാളി പൊലീസ് സംഘം നേരിടുന്ന പ്രശ്നങ്ങള്‍ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഉണ്ട. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.