tovino-thomas2

ആരാധകരുടെ പ്രിയ താരമാണ് നടൻ ടൊവീനോ തോമസ്. ആരാധകർ സ്നേഹപൂർവം ഇച്ചായൻ എന്നാണ് ടൊവീനോയെ വിളിക്കുന്നത്. എന്നാൽ, ആ വിളി തനിക്കത്ര പരിചയമില്ലെന്നും ക്രിസ്ത്യാനിയായതിനാലാണ് അങ്ങനെ വിളിക്കുന്നതെങ്കിൽ അതിനോടു താൽപര്യമില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. 

 

ഏതെങ്കിലും ഒരു മതത്തിലോ മറ്റോ തീവ്രമായി വിശ്വസിക്കുന്ന ആളല്ല താനെന്നും താനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അതു വേണോ എന്നുമാണ് ടൊവിനോയുടെ പക്ഷം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടൊവീനോയുടെ പ്രതികരണം. 

 

സിനിമയില്‍ വരുന്നതിനു മുമ്പോ, കുറച്ചു നാളുകള്‍ക്കു മുമ്പു വരെയോ ഈ വിളി കേട്ടിട്ടില്ലെന്നും തൃശൂരിലെ സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

ഇച്ചായന്‍ പരിചയമില്ലാത്ത വിളിയാണ്. ഇഷ്ടം കൊണ്ടാണെങ്കില്‍ ഓക്കെ. പക്ഷേ, മുസ്ലിമായാല്‍ ഇക്കയെന്നും ഹിന്ദുവായാല്‍ ഏട്ടനെന്നും ക്രിസ്ത്യാനിയായാല്‍ ഇച്ചായനെന്നും വിളിക്കുന്ന രീതിയോട് തനിക്കു താത്പര്യമില്ലെന്നും താരം തുറന്നു പറയുന്നു. തന്റെ പുതിയ ചിത്രമായ ‘ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു’ വിന്റെ പരസ്യപ്രചരണങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു ടൊവിനോ.