മലയാള സിനിമയില്‍ ഒരുകാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയിരുന്ന കൂട്ടുകെട്ടാണ് ജയറാം–രാജസേനന്‍. മേപ്പറമ്പിൽ ആൺവീട്, സിഐഡി ഉണ്ണിക്കൃഷ്ണൻ, കടിഞ്ഞൂൽ കല്യാണം, അനിയൻ ബാവ ചേട്ടൻ ബാവ എന്നീ ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകളായിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അകന്നത് വലിയ വാർത്തയായി.
ഇപ്പോഴിതാ ജയറാമുമായി പിരിയാനുള്ള കാരണം തുറന്നുപറയുകയാണ് രാജസേനൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജസേനൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ചില പിന്തിരിപ്പൻ ശക്തികൾ പ്രവർത്തിച്ചുതുടങ്ങിയതോടെയാണ് തങ്ങൾ തമ്മിൽ മാനസികമായി അകന്നതെന്ന് രാജസേനൻ പറയുന്നു.
''എവിടെയൊക്കെയോ ഞങ്ങൾ തമ്മിൽ മാനസികയമായി ചില പ്രശ്നങ്ങൾ ഉണ്ടായി. ചില പിന്തിരിപ്പൻ ശക്തികൾ പ്രവര്‍ത്തിച്ചുതുടങ്ങി. ജയറാമിനാണ് അത്തരം പ്രശ്നങ്ങളുണ്ടായിരുന്നത്. ജയറാമിന് എന്തൊക്കെയോ തെറ്റിദ്ധാരണകളുണ്ടായിരുന്നു. ഫോണിൽ കഥ പറഞ്ഞ്, ആ കഥ മാത്രം കേട്ട് വന്ന് അഭിനയിച്ച സിനിമകളായിരുന്നു ഈ പതിനാറെണ്ണവും.
''ഇപ്പോൾ അങ്ങനെയല്ല, മറ്റ് പലരും ചെയ്യുന്ന പോലെയൊക്കെ ജയറാമും ആവശ്യമില്ലാത്ത ഇടപെടലുകൾ തുടങ്ങി. എന്റെ കയ്യിലേക്ക് ഒരു താരത്തെ കിട്ടിയാൽ അയാൾ എങ്ങനെ ആകുമെന്ന് ജയറാമിനെ കണ്ടാൽ മാത്രം മനസ്സിലാകും. തിയറ്ററില്‍ ജയറാമിനെ കണ്ടാൽ കൂവുമെന്ന അവസ്ഥയിലാണ് ഞാൻ പുള്ളിയെ വെച്ച് കടിഞ്ഞൂൽ കല്യാണം ചെയ്യുന്നത്. സിനിമയിൽ മുഴുവൻ ശത്രുക്കളാണ് ആ സമയത്ത്. ആ ആളെയാണ് ഞാൻ ഇത്രയും വർഷം പതിനാറ് സിനിമകളിൽ കൂടി പ്രതിഷ്ഠിച്ചത്''- രാജസേനൻ പറഞ്ഞു.