ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റത് കഴിഞ്ഞ ദിവസമാണ്. ആരുടെയോ പുണ്യം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ലെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. ഡ്യൂപ്പില്ലാതെ അഭിനയിച്ച ആക്ഷൻ രംഗത്തിനിടെയായിരുന്നു അപകടം. ഇതിന് പിന്നാലെ ടൊവിനോക്ക് തുറന്ന കത്തെഴുതി ആരാധിക. 

 

ഒരു നടന്റെ പ്രധാന കൈമുതൽ ബാഹ്യസൗന്ദര്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ആയിഷ ഹന്നാ എന്ന അക്കൗണ്ടിൽ നിന്ന് സിനിമാ പാരഡൈസോ ക്ലബ്ബിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡ്യൂപ്പുകളെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണം. താങ്ങളുടെ ജോലി അഭിനയമാണ്. അത് വൃത്തിയായി ചെയ്യുന്നുമുണ്ട്. ദയവുചെയ്ത് ആവേശം കൂടി ഇത്തരം തീക്കളി കളിക്കരുത് എന്നും കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.

 

നവാഗതനായ സ്വപ്നേഷ് സംവിധാനം ചെയ്യുന്ന 'എടക്കാട് ബറ്റാലിയൻ 06' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ടൊവിനോക്ക് പൊള്ളലേറ്റത്.  ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും ടൊവിനോ വേണ്ടെന്ന് വെക്കുകയായിരുന്നു. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാക്കാൻ കഴിയാത്തതിനാൽ ടൊവിനോ വീണ്ടും അഭിനയിച്ചു. സംഘട്ടനരംഗം മുഴുവന്‍ ചെയ്തുതീർത്ത ശേഷമാണ് ടൊവിനോ പിൻവാങ്ങിയത്. 

 

പ്രിയപ്പെട്ട ടോവിനോ, 

 

ദൈവാനുഗ്രഹം കൊണ്ട് ഇന്നലെ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ട വിവരം അറിഞ്ഞു.  അങ്ങയുടെ മേൽ എപ്പോഴും ആ ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നാശംസിച്ചു കൊണ്ട് ചില കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു.  

 

ഒരു നായക നടന്റെ പ്രധാന കൈമുതൽ എന്ന് പറയുന്നത് അയാളുടെ ബാഹ്യ സൗന്ദര്യം തന്നെയാണ്.  അതിനെന്തെങ്കിലും കോട്ടം തട്ടിയാൽ താങ്കളുടെ സിനിമ ജീവിതം വരെ തകർന്നു പോവാൻ സാധ്യത ഉണ്ട്.  

 

ഡ്യൂപ്പുകൾ ഇത്തരം സംഘട്ടന രംഗങ്ങൾ ചെയ്തും അപകടങ്ങൾ തരണം ചെയ്തും വളരെയേറെ പ്രവർത്തി പരിചയമുള്ളവരാണ്. അവരുടെ ജോലി ചെയ്യാൻ അവരെ അനുവദിക്കൂ. താങ്കളുടെ ജോലി അഭിനയമാണ്.  താങ്കൾ അത് വൃത്തിയായി ചെയ്യുന്നുമുണ്ട്.  ദയവു ചെയ്ത് ആവേശം കൂടി ഇത്തരം 'തീക്കളി ' കളിക്കരുത്.  മറ്റു ചില സംഘട്ടന രംഗങ്ങൾ പോലെ അല്ല തീ കൊണ്ടുള്ള കളി.  ഒരു ചെറിയ അപാകത പോലും താങ്കളെ ശക്തമായ രീതിയിൽ ബാധിച്ചേക്കും. 

 

അഭിനയത്തോടുള്ള താങ്കളുടെ ആവേശവും അഭിനിവേശവും അർപ്പണബോധവും എല്ലാം  മനസിലാക്കി കൊണ്ട് തന്നെ പറയുന്നു..  ഇത്തരം സാഹസികത ഭാവിയിൽ ഒഴിവാക്കണം. നമുക്കു ആവശ്യമുള്ളത് താങ്കളിലെ നടനെയാണ്.  ദൈവാനുഗ്രഹങ്ങൾ ഉണ്ടായിരിക്കട്ടെ.