ട്രോളർമാരുടെ സ്ഥിരം ആയുധങ്ങളാണ് ദശമൂലം ദാമുവും മണവാളനുമൊക്കെ. എന്നാൽ ട്രോൾ ലോകത്ത് സ്ഥിരം  മീമുകളായ സ്ത്രീ കഥാപാത്രങ്ങൾ കുറവാണ്. അതറിഞ്ഞുകൊണ്ടാകണം അധ്യാപികയും എഴുത്തുകാരിയുമായ റിമ റെൻ മാത്യു എന്നയാൾ ഫെയ്സ്ബുക്കിൽ ഫിലോമിന ട്രോളുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ബി ലൈക്ക് ഫിലോമിന എന്ന ഹാഷ്ടാഗോടു കൂടെയാണ് കുറിപ്പ്. 

ഹിറ്റായ ഫിലോമിന കഥാപാത്രങ്ങളാണ് മീമുകൾക്ക് ആധാരം. ''ഈ ഫിലോമിനേണ്ടല്ലോ കിടിലാണ്. പകരം വയ്ക്കാൻ വേറെ ആളില്ലാത്ത ജനുസാണ്.ആ ഡയലോഗ് ഡെലിവറീം ബോഡി ലാംഗ്വേജും തന്മയത്വോം. ആഹാ. അഖില ലോക ഫിലോമിനാ ഫാൻസിന് എന്റെ എളിയ ഉപഹാരം'', എന്നാണ് ട്രോളിനൊപ്പമുള്ള കുറിപ്പ്. സോഷ്യൽ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ഈ ട്രോളുകൾക്ക് ലഭിക്കുന്നത്. 

മനസിലുള്ളത് ഒളിച്ചുവെക്കാത്ത, കുലസ്ത്രീ നാട്യങ്ങളില്ലാത്ത, സ്വന്തം അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നവർക്കെതിരെ പ്രതികരിക്കുന്ന തന്‍റേടമുള്ള ഫിലോമിന കഥാപാത്രങ്ങളാണ് മീമുകളിൽ. 

1964 ല്‍ പിജെ ആന്‍റണി സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിലൂടെയാണ് ഫിലോമിന അഭിനയരംഗത്തേക്ക് എത്തുന്നത്. ഗോഡ‍്ഫാദര്‍, ഇൻ ഹരിഹർ നഗർ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നവയാണ്.