manu-ashokan

തോല്‍വിയെ അതിജീവിച്ചവളെ, സ്വപ്നം ഉയരെ പറന്ന് കൈക്കുള്ളിലൊതുക്കിയവളെ, കണ്ടവരെല്ലാം ഹൃദയം ചേര്‍ത്ത് വെച്ചു. സിനിമയല്ല, ജീവിതം തന്നെ കാണിച്ചു തന്നു സംവിധായകൻ. ഇത് ഞാനാണെന്നും, സ്വയം അറിയാതിരുന്ന, പേടിയുടെ പുതപ്പിൽ കിടന്ന ഭൂതകാലം ഞങ്ങൾക്കുമുണ്ടായിരുന്നുവെന്നും പലരും പറഞ്ഞു. സിനിമയിറങ്ങും മുൻപേ അത്തരം ജീവിതങ്ങൾ പലതും കേരളം കണ്ടു. 

രാജേഷ് പിള്ളയുടെ ശിഷ്യൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്ന വാർത്ത തന്നെ പ്രതീക്ഷയായിരുന്നു. ചിത്രത്തോടൊപ്പം ഉയരെ പറക്കേണ്ട സംവിധായകൻ തന്നെയാണ് മനു അശോകൻ എന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉയരെയിലെ രാഷ്ട്രീയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംവിധായകൻ മനോരമ ന്യൂസ്.കോമിനോട് സംസാരിക്കുന്നു. 

കൃത്യമായ രാഷ്ട്രീയം, നിലപാട്, അഭിപ്രായം

''ആദ്യത്തെ സിനിമ തന്നെ കാലിക പ്രസക്തിയുള്ള ഒരു വിഷയം പറയണമെന്നുള്ളത് ബോധപൂർവമുള്ള തീരുമാനമായിരുന്നു. വെറുതേ ഏതെങ്കിലുമൊരു വിഷയം പറഞ്ഞുപോകരുത് എന്ന നിർബന്ധവുമുണ്ടായിരുന്നു. അങ്ങനെ വളരെ ചിന്തിച്ച് എടുത്ത തീരുമാനം തന്നെയാണ് ഉയരെ.

സിനിമയിൽ പറഞ്ഞ രാഷ്ട്രീയവും അങ്ങനെ തന്നെയായിരുന്നു. സിനിമ ആവശ്യപ്പെടുന്ന രീതിയിലുള്ള സിനിമാറ്റിക് അംശങ്ങൾ മാത്രമേ ഉയരെയിൽ ഉപയോഗിച്ചുള്ളൂ. കയ്യടി നേടാനുള്ള മറ്റു ഗിമ്മിക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല''.

പല്ലവിയുടെ മാത്രമല്ല, പാർവതിയുടെയും അതിജീവനം

''സിനിമ എടുത്തുകൊണ്ടിരുന്ന സമയത്ത് പാർവതി എന്ന വ്യക്തി അനുഭവിച്ചുകൊണ്ടിരുന്ന വ്യക്തിപരമായ പ്രശ്നങ്ങൾ എല്ലാവർക്കുമറിയാം. അത്തരം കാര്യങ്ങളില്‍ മറ്റാരും ഇടപെട്ടിട്ടില്ല. ഒരു പ്രശ്നത്തെ എങ്ങനെ സമീപിക്കണം, അതിനോട് എങ്ങനെ പ്രതികരിക്കണമെന്നൊക്കെ പാർവതിക്ക് നന്നായി അറിയാം. അവരിലെ നടിയെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതു മാത്രമായിരുന്നു സിനിമ എടുക്കുമ്പോൾ ഞങ്ങളുടെ ചിന്ത. മറ്റു പ്രശ്നങ്ങളിൽ ഇടപെട്ടിട്ടില്ല. ഇപ്പോൾ ചിന്തിച്ചാൽ പാർവതിയുടെ കൂടി അതിജീവനമാണ് ഉയരെ. 

പാർവതി ഉള്‍പ്പെടെയുള്ള താരങ്ങളെ സിനിമയിലേക്കു ലഭിക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. പാർവതിക്കു വേണ്ടി ഒരു സിനിമ എന്നതായിരുന്നില്ല, കഥ എഴുതിയപ്പോൾ, കഥാപാത്രം രൂപപ്പെട്ടപ്പോൾ ഇതു പാർവതി തന്നെ ചെയ്യണമെന്നാണ് തോന്നിയത്. അവരുടെ കഴിവിനെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല''. 

ആസിഫും ടൊവീനോയും

''മറ്റു കഥാപാത്രങ്ങളും അങ്ങനെ തന്നെയായിരുന്നു. വളരെ എളുപ്പത്തിൽ അവർക്ക് കഥ ബോധ്യപ്പെട്ടു. അവർക്കു പകരം മറ്റാരെയും സമീപിക്കേണ്ടി വന്നിട്ടില്ല. ആസിഫും ടൊവിനോയുമൊക്കെ കരിയറിന്‍റെ ഉയരത്തിൽ നില്‍ക്കുന്ന സമയമാണ്. പക്ഷേ, യാതൊരു സംശവുമില്ലാതെയാണ് അവര്‍ ഉയരെയുടെ ഭാഗമായത്.

ആസിഫ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളുടെ ഷെയ്ഡ് അല്ല ഗോവിന്ദിന്. ഈ കഥാപാത്രം സ്വീകരിക്കരുതെന്ന് പലരും പല തവണ ആസിഫിനെ ഉപദേശിച്ചിട്ടും വിലക്കിയിട്ടും സ്വയം കാണിച്ച ധൈര്യമായിരുന്നു ഗോവിന്ദിനെ അവതരിപ്പിക്കുക എന്നത്. ഇടക്കൊക്കെ അത്തരത്തിലൊരു സംശയം ആസിഫും നേരിട്ട് ചോദിച്ചിരുന്നു. ഏറ്റവും നല്ല പ്രതികരണം ലഭിക്കുന്നവരിലൊരാൾ ആസിഫാണ്.  

ടൊവിനോയും അങ്ങനെ തന്നെ ആയിരുന്നു. തുടർച്ചയായി സിനിമകളും തിരക്കുകളും ഉള്ള സമയത്താണ് ടൊവിനോയെ വിളിക്കുന്നത്. മറ്റെന്തു തിരക്കുണ്ടായാലും ചെയ്യാമെന്നും ഡേറ്റ് ഇല്ലെങ്കിൽ അതുണ്ടാക്കി ചെയ്യാമെന്നു പറഞ്ഞുമാണ് ടൊവി ഉയരെയുടെ ഭാഗമായത്''. 

ഈ സന്തോഷം രാജേഷ് പിള്ളക്കും

''മറന്നെങ്കിലല്ലേ അദ്ദേഹത്തെ ഓര്‍ക്കാതിരിക്കാൻ പറ്റൂ. രാജേഷേട്ടന്‍റെ ദേഹം മരിച്ചുപോയി എന്ന ഒരു അവസ്ഥ മാത്രമേയുള്ളൂ. അദ്ദേഹം തന്ന ഊർജവും പ്രചോദനവും എപ്പോഴും ഉണ്ടായിരുന്നു. അദ്ദേഹത്തെ ഓർക്കാത്ത, അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. നല്ല പ്രതികരണങ്ങൾ ലഭിക്കുമ്പോള്‍ ഈ സന്തോഷം അദ്ദേഹത്തിനു കൂടി നൽകുന്നു''.