മമ്മൂട്ടിച്ചിത്രം മധുരരാജ 10 ദിവസം കൊണ്ട് ലോകവ്യാപകമായി 58.7 കോടി കളക്ഷൻ നേടിയതായി നിർമാതാവ്. ചിത്രം നിർമിച്ച നെൽസൺ ഐപ്പ് ആണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്. ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു. ഇനിയും എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും അഭ്യർഥിച്ചു.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നു കൂടിയാണ് മധുരരാജ.
പുലിമുരുകന്റെ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിച്ചു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജ റിലീസിനെത്തിയത്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ.സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലീം കുമാർ, അജു വർഗീസ്, ധർമജൻ, ബിജുക്കുട്ടൻ, സിദ്ധിഖ്, എം.ആർ.ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.