സ്റ്റീഫൻ നെടുമ്പള്ളിയുടെ സന്തതസഹചാരികളിലൊരാൾ, ലൂസിഫറിലെ ആദ്യ മാസ് ആക്ഷൻ സീക്വൻസിൽ മോഹൻലാലിനൊപ്പം നിന്ന താരം. ആ താടിക്കാരന്‍റെ മുഖം ഓർമ വന്നു കാണും– മുരുകൻ മാർട്ടിൻ.
ലൂസിഫർ മുരുകന്‍റെ ആദ്യസിനിമല്ല. അനുരാഗകരിക്കിൻ വെള്ളം, അങ്കമാലി ഡയറീസ്, പോക്കിരി സൈമൺ, കലി, സ്വാതന്ത്ര്യം അർത്ഥരാത്രിയിൽ തുടങ്ങി പല ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടിരുന്നു. സിനിമയിലേക്കുള്ള സ്വപ്നയാത്ര പക്ഷേ അത്ര എളുപ്പമായിരുന്നില്ല. സിനിമയേക്കാൾ സിനിമാറ്റിക് ആയ ഒരു ഭൂതകാലമുണ്ട് മുരുകന്.
ആക്രിക്കച്ചവടം മുതൽ ജീവിക്കാൻ വേണ്ടി പല വേഷങ്ങളുമണിഞ്ഞു. 'ഇരിക്ക് എംഡി അകത്തുണ്ട്' എന്ന ചിത്രത്തിൽ ജൂനിയര്‍ ആർട്ടിസ്റ്റ് ആയാണ് തുടക്കം. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'ഫ്രീഡം' എന്ന ചിത്രത്തിൽ അഭിനയിച്ചു. അവിടെ വെച്ചാണ് കോസ്റ്റ്യൂമർ മഹിയെ പരിചയപ്പെട്ടത്. തയ്യൽ അറിയാമായിരുന്നത് തുണയായി. പിന്നീടിങ്ങോട്ട് ചെറുതെങ്കിലും പല ചിത്രങ്ങളിലായി പല വേഷങ്ങളിലും മുഖം കാണിച്ചു. ആ യാത്രയാണ് ഇപ്പോൾ ലൂസിഫറിൽ എത്തിനിൽക്കുന്നത്.