‘അവരെ ചുമ്മാതൊന്നുമല്ല ലേഡീ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത്. ആ വിളിക്ക് എന്തുകൊണ്ടും അനുയോജ്യയാണ് അവർ. കുറച്ച് ദിവസം ഒരുമിച്ചുള്ള അഭിനയം കൊണ്ട് തന്നെ ഞാൻ മനസിലാക്കിയതാണ്. ഇപ്പോഴും ആവേശം നിറഞ്ഞ് നിൽക്കുകയാണ് കുളപ്പുള്ളി ലീലയുടെ വാക്കുകളിൽ. അടുത്തിടെയായി നയൻതാര ചിത്രങ്ങൾ‌ക്ക് തെന്നിന്ത്യ മുഴുവൻ വൻ വരവേൽപ്പാണ് ലഭിക്കുന്നത്. എന്നാൽ രണ്ട് ഗെറ്റപ്പിൽ നയൻസ് എത്തുന്ന ഐറ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതോടെ ആകാംക്ഷ ഏറുകയാണ്. അക്കൂട്ടത്തിൽ മലയാളിക്ക് ഏറെ അഭിമാനിക്കാൻ വക നൽകുന്നത് നയൻതാരക്കൊപ്പം മലയാളിക്ക് പ്രിയപ്പെട്ട കുളപ്പുള്ളി ലീലയും പ്രധാനവേഷത്തിലെത്തുന്നു എന്നതാണ്. തമിഴകത്തിൽ നിന്നുള്ള അനുഭവത്തെ പറ്റി ലീല മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറക്കുന്നു.

നയൻതാര എന്ന വിസ്മയം


ചേച്ചി.. എന്ന വാക്കിൽ അവർ‌ എന്നെ ചേർത്തുപിടിക്കുമ്പോൾ നമ്മുടെ മലയാളി കുട്ടിയായി മാറും നയൻതാര. സെറ്റിൽ എല്ലാവരും തമിഴ് സംസാരിക്കുമ്പോൾ എനിക്ക് പല വാക്കുകളുടെയും അർഥം മനസിലാവില്ല. എങ്കിലും ഞാൻ ഒരു പരിധി വരെ പിടിച്ചൊക്കെ നിൽക്കും. അപ്പോൾ നയൻതാര പറയും. ചേച്ചി എന്തെങ്കിലും മനസിലായില്ലെങ്കിൽ എന്നോട് ചോദിക്കണം. ഞാൻ പറഞ്ഞുതരാം. പിന്നീട് ഡയലോഗ് പറയുമ്പോഴും പാട്ട് സീനിൽ ഒരുമിച്ച് എത്തുമ്പോഴും അതിന്റെ അർത്ഥം ഇതാണെന്ന് എനിക്ക് പറഞ്ഞുതന്നത് അവരാണ്. അത്രത്തോളം സ്നേഹവും ബഹുമാനുമാണ് ആ കൊച്ചിന്.

ഇൗ ചിത്രത്തിൽ ഞാൻ നയൻതാരയുടെ മുത്തശ്ശിയായിട്ടാണ് അഭിനയിക്കുന്നത്. നല്ല പ്രാധാന്യമുള്ള കഥാപാത്രമാണ്. എന്റെ മകളുടെ മകളാണ് നയൻതാര. ഒരു മലയാളി പെൺകുട്ടി തമിഴ് സിനിമാലോകത്തും പുറത്തും ഇത്രത്തോളം വിജയം നേടുന്നത് അപൂർവാമാണെന്നാണ് തോന്നുന്നത്. പക്ഷേ നയൻതാര ഇൗ പദവിയിലെത്തിയത് അവരുടെ ആത്മാർഥത കൊണ്ടാണ്. അഭിനയം ക്യാമറ, സംവിധാനം, ലൈറ്റിങ് എന്നുവേണ്ട സിനിമയുടെ എല്ലാ മേഖലകളെ പറ്റിയും അവർക്ക് നല്ല ബോധ്യമുണ്ട്. ആ ഷൂട്ടിങ് സെറ്റിൽ നിന്നു തന്നെ ഞാനത് മനസിലാക്കിയതാണ്. ഒപ്പം അഭിനയിക്കാൻ െചന്ന എന്നെ ഒരു സഹതാരമായിട്ടല്ല അവർ പരിഗണിച്ചത്. സ്വന്തം മുത്തശ്ശിയെ പോലെ തന്നെയാണ്. കേരളത്തിലെ ഭക്ഷണം വേണമെങ്കിൽ ചേച്ചിക്ക് ഞാൻ കൊണ്ടുത്തരാമെന്ന് അവർ പറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ബഹുമാനവും സന്തോഷവും തോന്നി. ആ പരിഗണന തന്നെ വലിയ കാര്യമല്ലേ. ശരിക്കും ഒരു ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് അവർ. അനുഭവങ്ങളിൽ ഞാൻ കണ്ടറിഞ്ഞതാണ്.

ഷൂട്ട് കഴിഞ്ഞ് പോകാൻ നേരം ഞാൻ അവരോട് ചോദിച്ചു. ഇനിയും മോളുടെ മുത്തശ്ശി വേഷം വരുമ്പോൾ എനിക്ക് തരുമോയെന്ന്. ചിരിച്ച് കൊണ്ട് ചേർത്ത് പിടിച്ചാണ് അവർ മറുപടി പറഞ്ഞ​ത്. ഉറപ്പായും. തമിഴിൽ ശശികുമാറിന്റെ മുത്തശ്ശിയായി ഒരു ചിത്രം ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞു. ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഐറ. ഭീതിയുടെ വേറിട്ട ആവിഷ്കാരമാണ് ഇതിൽ. ചില സീനുകളിൽ എനിക്ക് പ്രായം പോലും നോക്കാതെ അഭിനയിക്കേണ്ടി വന്നു. റോപ്പിൽ എന്നെ കെട്ടിയുയർത്തിയൊക്കെയുള്ള ചില സീനുകളിൽ എനിക്ക് ആകെ ഭയമായി. അപ്പോഴെല്ലാം പിന്തുണയുമായി നയൻതാരയും സംവിധായകവും ഒപ്പമുണ്ടായിരുന്നു. കുളപ്പുള്ളി ലീല പറയുന്നു.

ഐറയിൽ ഡബിൾ റോളിലാണ് നയൻതാര എത്തുന്നത്. ഹൊറർ ഡ്രാമ മൂവിയായാണ് ചിത്രം. കെ.എം. സാർജുനാണ് സിനിമ സംവിധാനം ചെയ്യുന്നത്. 2018ൽ കൊളമാവ് കോകില, ഇമൈക നൊടികൾ തുടങ്ങിയ ചിത്രങ്ങളിൽ നയൻനാര മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 2019ൽ നയൻതാരയെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണിത്. നയൻതാരയ്ക്കു പുറമെ കലൈയരശൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറും പാട്ടും ഇതിനോടകം വൈറലായിട്ടുണ്ട്

.