ഫെയ്സ്ബുക്ക് ഹൈദരാബാദ് ഓഫീസിൽ വെച്ചു നടത്തിയ മോഹൻലാലിന്‍റെ മെഗാ അഭിമുഖ വിഡിയോ വൈറലാകുന്നു. സൂര്യ, പൃഥ്വിരാജ്, ടൊവിനോ, മഞ്ജു വാരിയർ, ആന്റണി പെരുമ്പാവൂർ, സുചിത്ര മോഹൻലാൽ, എന്നിവര്‍ ലൈവിൽ വിഡിയോ കോൾ വഴി സംസാരിക്കാനെത്തിയിരുന്നു. സംസാരത്തിനിടെ മോഹൻലാലിന്‍റെയും സുചിത്രയുടെയും വിവാഹവിഡിയോയും പ്ലേ ചെയ്തു. മോഹൻലാലിൻറെ ആ കുസൃതിച്ചിരി വിവാഹവിഡിയോയിലും കാണാമല്ലോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ ചിരി തന്നെയായിരുന്നു ഉത്തരം.
മോഹൻലാലിന്‍റെ ഭക്ഷണശീലങ്ങളെക്കുറിച്ചും സുചിത്ര സംസാരിച്ചു. കുക്ക് ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ലാലേട്ടന്‍. വീട്ടിലുള്ളപ്പോൾ മിക്കവാറും എന്തെങ്കിലുമുണ്ടാക്കാൻ അടുക്കളയിൽ കയറും. പ്രണവും ചിലപ്പോൾ ഒപ്പം കൂടും. ലാലേട്ടന്‍ കഴിക്കുന്നത് കണ്ട് നിൽക്കുന്നവരെപ്പോലും കൊതിപ്പിക്കും. പ്ലേറ്റിൽ ഒന്നും ബാക്കിയുണ്ടാകില്ല. അത്രക്കും വൃത്തിയായി കഴിക്കുന്ന ഏറെ ഭക്ഷണപ്രിയനായ ആളാണ് മോഹൻലാൽ എന്നും സുചിത്ര ലൈവിൽ പറയുന്നു.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷമാണ് മോഹൻലാൽ ഫെയ്സ്ബുക്ക് ഓഫീസിലെത്തിയത്.