dileep-no-award

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ജനപ്രിയമായിരുന്നെങ്കിലും വിവാദത്തിലേക്കും ഇപ്പോൾ വഴിവച്ചിരിക്കുകയാണ്. ദിലീപിനെയും ദിലീപ് ചിത്രമായ കമ്മാരസംഭവത്തെയും ജൂറി തഴഞ്ഞുെവന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ദിലീപ് ഒാൺലൈൻ എന്ന ഫെയ്സ്ബുക്ക് പേജിൽ കുറിപ്പും വന്നിട്ടുണ്ട്. 

‘ദിലീപിന് അവാർഡ് കൊടുക്കരുത് എന്ന് ആദ്യം മുതൽ തന്നെ ശക്തമായ നിർദേശം നൽകിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാർഡ് കൊടുത്താൽ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം. കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയിൽ. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാൻ, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം. എന്നാൽ കമ്മാര സംഭവത്തിന് 4 അവാർഡുകൾ നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും എന്ന് പറഞ്ഞു രണ്ട് അവാർഡുകൾ വെട്ടി നിരത്തി. മികച്ച നടനുള്ള അവാർഡിന് പരിഗണിക്കപ്പെട്ട ആൾ മികച്ച സഹനടൻ ആയി. ജൂറിയിൽ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?’ കുറിപ്പിൽ ചോദിക്കുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മിന്നിത്തിളങ്ങി സുഡാനി ഫ്രം നൈജീരിയ. ക്യാപ്ടന്‍ , ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ജയസൂര്യയൊക്കൊപ്പം സുഡാനിയിലെ ക്ലബ് മാനേജരെ അവതരിപ്പിച്ച സൗബിന്‍ ഷാഹിറും ഇതേ പുരസ്കാരം പങ്കിട്ടു. ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി.  മികച്ച നവഗാത സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പടെ അഞ്ചു പുരസ്കാരങ്ങളാണ് സുഡാനി നേടിയത്. ഒരു ഞായറാഴ്ച ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍ . സി.ഷെരീഫ് നിര്‍മിച്ച് സംവിധാനം ചെയ്ത കാന്തന്‍– ദി ലവര്‍ ഒാഫ് കളര്‍ മികച്ച ചിത്രമായി.

ജോസഫിലെയും ചോലയിലെയും അഭിനയത്തിന് ജോജു  ജോര്‍ജ് മികച്ച സ്വഭാവ നടനായി . സുഡാനിയിലെ അമ്മമാരായ സാവിത്രീ ശ്രീധരനും, സരസ ബാലുശേരിയും മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.  വിജയ് യേശുദാസ് ഗായകനും ശ്രേയാ ഘോഷാല്‍ ഗായികയുമാണ്. കാര്‍ബണിലെ ഗാനങ്ങളൊരുക്കിയ വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധായകന്‍. ആമിയിലൂടെ ബിജിബാല്‍ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. മന്ത്രി എ.കെ. ബാലന്‍ തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാങ്കേതിക രംഗത്തെ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ കാര്‍ബണ്‍ ആറ് അവാര്‍ഡുകള്‍ നേടി.