anitha-sathyan-jayasurya-captain

പലപ്പോഴും അവസാനനിമിഷം അവാർഡ് വഴുതിപ്പോയ ചരിത്രമാണ് ജയസൂര്യയ്ക്കുള്ളത്. ഇത്തവണ പക്ഷെ സംസ്ഥാന അവാർഡ് എന്ന പൊൻതൂവൽ ജയസൂര്യയെ തേടിയെത്തിയിരിക്കുകയാണ്. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ രണ്ട് ചിത്രങ്ങളിലെ അഭിനയമാണ് അവാർഡിന് അർഹനാക്കിയത്. ഫുട്ബോൾ താരം വി.പി സത്യന്റെ കഥ പറഞ്ഞ ചിത്രമാണ് ക്യാപ്റ്റൻ. സത്യന്റെ ഭാര്യ അനിത ജയസൂര്യയ്ക്ക് കിട്ടിയ ഈ അംഗീകാരത്തെക്കുറിച്ച് മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

 

jayasurya-anitha

ജയസൂര്യയെ നായകനാക്കുന്നതിൽ പലർക്കും എതിർപ്പുണ്ടായിരുന്നു. ഇതിലും നല്ല വേറെ എത്രയോ അഭിനേതാക്കളുണ്ട് എന്തിനാണ് ജയസൂര്യയ്ക്ക് സത്യൻ‍ ചേട്ടനാകാനുള്ള അവസരം നൽകുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. അവരുടെ ആ ചോദ്യത്തിനുള്ള മറുപടിയാണ് ഈ അവാർഡ്. ജയന് ഫൂട്ബോൾ അറിയില്ല, കളിച്ചിട്ടില്ല, സത്യേട്ടനെ പോലും അറിയില്ല. എങ്കിലും ജയസൂര്യയ്ക്ക് സത്യേട്ടനാകാൻ സാധിക്കുമെന്ന് എനിക്കൊരു വിശ്വാസമുണ്ടായിരുന്നു. സു..സു..സുധിവാത്മീകം ഞാൻ കണ്ടിരുന്നു. ഒരു സിനിമയ്ക്കുവേണ്ടിയും കഥാപാത്രത്തിന് വേണ്ടിയും എന്ത് അധ്വാനം ചെയ്യാനും മടിയില്ലാത്തയാളാണ് അദ്ദേഹം. അവാർഡ് കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പും ജയന് വിളിച്ചിരുന്നു. പ്രാർഥിക്കണമെന്ന് പറഞ്ഞിരുന്നു.

jayasurya-1

 

സിനിമയുടെ ഓരോ ഘട്ടങ്ങളിലും നിറയെ സംശയങ്ങൾ ജയനുണ്ടായിരുന്നു. എപ്പോഴും വിളിക്കും. ആത്മാവിനെ ആവാഹിച്ചപോലെയാണ് ജയസൂര്യ അഭിനയിച്ചത്. സംശയങ്ങളെല്ലാം എനിക്ക് വാട്സാപ്പ് ചെയ്യുമായിരുന്നു. മേക്കപ്പിട്ട ഓരോ ചിത്രവും അയച്ചുതന്നിട്ട് ഇങ്ങനെയാണോ? ശരിയായോ? എന്ന് ചോദിക്കുമായിരുന്നു. 

 

ക്യാപ്റ്റനിൽ‍ ഫുട്ബോൾ ഊത്തിവീർപ്പിക്കുന്ന രംഗം കണ്ടിട്ട് കരച്ചിൽവന്നുവെന്ന് ഒരുപാട്പേർ പറഞ്ഞു. എനിക്ക് പക്ഷെ ഇഷ്ടമായത് കുട്ടികൾക്ക് ഗ്രൗണ്ടിൽ പരിശീലനം നൽകുമ്പോൾ വിചാരിച്ചതുപോലെ പന്ത് തട്ടാൻ സാധിക്കാതെ നിരാശനായിപ്പോകുന്ന രംഗമാണ്. ജീവിതത്തിൽ നിന്നുള്ള ഒരു അംശമായിരുന്നു ആ സീൻ. ആ ദിവസം സത്യേട്ടന് എത്രമാത്രം വേദനിച്ചിരുന്നുവെന്ന് ഞാന്‍ കണ്ടതാണ്.– അനിത സത്യൻ പറഞ്ഞു.