innale-padmarajan

‘ഓർമകളായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക..’ പത്മരാജൻ പറഞ്ഞ വാക്കുകൾ, അദ്ദേഹത്തെക്കുറിച്ചും അന്വർഥമാണ്. മലയാളസിനിമയുടെ പ്രിയപ്പെട്ട കഥാകാരൻ വിട പറഞ്ഞിട്ട് 28 വർഷം. എങ്കിലും ഓർമകൾ ഇന്നും നിത്യഹരിതമാണ്. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയൊരു തലമാണ് പത്മരാജൻ തുറന്നിട്ടത്. ഒരുപാട് പ്രതിഭകൾ പദ്മരാജൻ സിനികളിലൂടെ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അതിലൊരാളാണ് ജയറാം. ജയറാമിന്റെ ആദ്യ ചിത്രം അപരൻ പത്മരാജനാണ് സംവിധാനം ചെയ്തത്. തുടർന്ന് മൂന്നുചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചു. ഇന്നലെ, മൂന്നാംപക്കം എന്നീ സിനിമകൾ മികച്ച വിജയമായിരുന്നു. നാലാമതൊരു സിനിമയ്ക്ക് വേണ്ടിയുള്ള ആലോചന നടക്കുമ്പോഴാണ് പത്മരാജന്റെ മരണം. ഇതിനെക്കുറിച്ച് നടൻ ജയറാം ഓർക്കുന്നത് ഇങ്ങനെ:

 

ഞാൻ ഗന്ധർവന്റെ പ്രദർശനവേളയിൽ തൃശൂരിൽവെച്ചാണ് പപ്പേട്ടനെ വീണ്ടും കാണുന്നത്. അന്ന് അദ്ദേഹം അവേശത്തോടെ രണ്ട് സിനിമകളെക്കുറിച്ച് സംസാരിച്ചു. അതിലൊന്നിന്റെ ജോലികൾ ആരംഭിച്ചുകഴിഞ്ഞിരുന്നു. നീന്തൽ താരത്തിന്റെ കഥയായിരുന്നു അത്. ആഴങ്ങളിൽ നീന്തുന്നത് ആവേശമാക്കിയ അയാൾക്ക് ആഴക്കടൽ നീന്തലിന്റെയിടയ്ക്ക് അപകടത്തിൽ കേൾവിശക്തി നഷ്ടമാകുന്നു. എന്നിട്ടും ഇന്ത്യൻ താരങ്ങളുടെ പരിശീലകനായി അയാൾ മാറുന്നതാണ് കഥ. അദ്ദേഹം പറയുന്നത് കൗതുകത്തോടെ ഞാൻ കേട്ടിരുന്നു. അവസാനമാണ്, നീയാണ് ആ നായകൻ എന്ന് പറയുന്നത്. ഏറെ ആവേശത്തോടെ ഞാനും ആ സിനിമയ്ക്കായി കാത്തിരുന്നു. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പിന്നീട് കേൾക്കുന്നത് പപ്പേട്ടന്റെ മരണവാർത്തയാണ്. 

 

അത് സംഭവിച്ചിരുന്നെങ്കിൽ മലയാളത്തിലെ മികച്ച് സ്പോർട്സ് സിനിമയാകുമായിരുന്നു. അത് നടക്കാതെയിരുന്നത് എന്റെ ജീവിത്തിലെ വലിയ നഷ്ടങ്ങളിലൊന്നാണ്. – ജയറാം പറഞ്ഞു.