പ്രേമം എന്ന സിനിമയിലൂടെ സിനിമാലോകത്തിന്റെ പ്രിയങ്കരിയായ നടിയാണ് സായി പല്ലവി.  അഴകിന്റെ നിർവചനങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുകയായിരുന്നു സായ് പല്ലവി. മലർ എന്ന കഥാപാത്രമാണ് താൻ അഴകുള്ളവളാണെന്ന് ബോധ്യപ്പെടുത്തിയതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സായ് പല്ലവി. 

 

‘മറ്റു പെൺകുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങളും അരക്ഷിതാവസ്ഥയും എനിക്കും ഉണ്ടായിരുന്നു. ഒരു പക്ഷേ ഏതെങ്കിലും ആൺസുഹൃത്തുക്കൾ പറയുമ്പോഴായിരിക്കും ഒരു പെൺകുട്ടി അവൾ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാൻ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ സിനിമയ്ക്കു വേണ്ടി മെയ്ക്കപ്പ് ഇടാമെന്നും മുടി സെറ്റ് ചെയ്യാമെന്നുമൊക്കെ ഞാൻ സംവിധായകൻ അൽഫോൻസ് പുത്രനോടു പറഞ്ഞു. പക്ഷേ അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.’ പ്രേമം എന്ന സിനിമ ചെയ്യാൻ ക്ഷണിച്ചപ്പോഴുളള അനുഭവം സായ് പല്ലവി പങ്കു വച്ചു.  

 

 

‘ചിത്രം റിലീസ് ആയ ദിവസം എനിക്ക് പേടിയായിരുന്നു. സ്ക്രീനിൽ എന്നെ കാണുമ്പോൾ, ഇത് ഏത് പെൺകുട്ടിയെയാണ് പിടിച്ച് അഭിനയിപ്പിച്ചിരിക്കുന്നത് എന്നൊക്കെ സംവിധായകന് വിമർശനം നേരിടേണ്ടി വരുമോ എന്ന പേടി. പക്ഷേ, പ്രേക്ഷകർ ആ കഥാപാത്രത്തെ സ്വീകരിച്ചു. അങ്ങനെയാണ് ആത്മവിശ്വാസമുള്ള ഒരു വ്യക്തിയായി ഞാൻ പരുവപ്പെട്ടത്. വെറുതെ സുന്ദരിയായി പ്രത്യക്ഷപ്പെടുന്നതിലല്ല, കഥാപാത്രം പ്രധാനപ്പെട്ടതായിരിക്കണമെന്ന തിരിച്ചറിവുണ്ടായ ചിത്രമായിരുന്നു പ്രേമം’ സായ് പറഞ്ഞു.