nikhila-vimal

 

മലയാളസിനിമയ്ക്കും ഉണർവേകിയാണ് 2018 കടന്നുപോയത്. ഡിസംബറിൽ റിലീസായ ചിത്രങ്ങളിൽ മികച്ചവിജയം നേടിയതിൽ മുൻനിരയിലാണ് ഞാൻ പ്രകാശൻ. സത്യൻ അന്തിക്കാട്– ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പിറന്ന ചിത്രത്തിലെ നായിക നിഖില വിമലാണ്. നിഖിലയുടെ സലോമിയെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തെക്കുറിച്ച് മനോരമന്യൂസ് ഡോട്ട്കോമിനോട് മനസ്തുറക്കുകയാണ് നിഖില

 

prakashan

സത്യൻ അന്തിക്കാടിന്റെ പൊൻമുട്ടയിടുന്ന താറാവിലെ സ്നേഹലതയെപ്പോലെ തന്നെ തേപ്പുകാരിയാണല്ലോ സലോമി, നിഖിലയ്ക്കും സലോമിയ്ക്കും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?

 

സലോമി ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രമാണ്. അതുകൊണ്ട് തന്നെ തേപ്പുകാരിയാകാൻ എനിക്ക് കുറച്ച് ടെൻഷനുണ്ടായിരുന്നു. പക്ഷെ സത്യൻ സാറിന് ഞാൻ സലോമിയായാൽ നന്നായിരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. പിന്നെ സലോമി സ്നേഹലതയെപ്പോലെ അത്രയും വലിയ തേപ്പുകാരിയല്ല. സലോമിയെ പ്രകാശനാണ് ആദ്യം തേച്ചത്. അതിന് ശേഷമാണ് സലോമി തേയ്ക്കുന്നത്. പ്രകാശൻ ആത്മാർഥത കാണിക്കാത്തതുപോലെ തന്നെ ആത്മാർഥതയില്ലാത്ത കഥാപാത്രമാണ് സലോമിയും. പ്രകാശൻ തേച്ചപ്പോൾ ആർക്കും പ്രശ്നമില്ല, സലോമി തേച്ചപ്പോഴാണ് പ്രശ്നം. ഇങ്ങോട്ട് തേച്ചാൽ അങ്ങോട്ടും തേയ്ക്കുന്നതിൽ എന്താണ് തെറ്റ്. ഞാൻ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യാസമുള്ള കഥാപാത്രമാണ് സലോമി.

 

njan-prakashan-gif

സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റ് എങ്ങനെയായിരുന്നു?

വീട് പോലെയുള്ള അനുഭവമായിരുന്നു സെറ്റിൽ. എല്ലാവരും പരിചയക്കാർ ആയിരുന്നു. സത്യൻ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടേഴ്സിനൊപ്പം നേരത്തെ വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഒരു അപരിചിതത്വം ഇല്ലായിരുന്നു. ഞാൻ ഇതുവരെ അഭിനയിച്ച മൂന്ന് ചിത്രങ്ങളിലും ശ്രീനിവാസൻ സാറും ഉണ്ടായിരുന്നു. ഫഹദിനെ മാത്രം അത്ര പരിചയമില്ലായിരുന്നു.

 

ഫഹദിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച്?

സെറ്റിലൊന്നും ഫഹദ് അങ്ങനെ സംസാരിക്കില്ല. സ്വന്തം ഭാഗം അഭിനയിച്ചുകഴിഞ്ഞാൽ മിണ്ടാതെ മാറിയിരിക്കും. കുറച്ച് ഉൾവലിഞ്ഞ രീതിയായിരുന്നു. പക്ഷെ കാമറയ്ക്കു മുന്നിൽ ഫഹദ് മറ്റൊരാളാണ്. കാമറയ്ക്കുമുന്നിലെ ഫഹദും അല്ലാതെയുള്ള ഫഹദും രണ്ടുംരണ്ടുപേരാണെന്നാണ് എനിക്ക് തോന്നിയത്. വെറുതെ നോക്കിയിരിക്കാൻ തന്നെ രസമാണ് ഫഹദിന്റെ അഭിനയം.

 

ലൗവ് 24/7 കഴിഞ്ഞ് എന്തുകൊണ്ടാണ് ഇത്രയേറെ ഗ്യാപ്പ് ഇട്ടത്?

ലൗവ് 24/7 അഭിനയിച്ച ശേഷം ഞാൻ തമിഴിലും തെലുങ്കിലും അഭിനയിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് മലയാളത്തിൽ കാണാതിരുന്നത്. അതല്ലാതെ സിനിമയിൽ ഗ്യാപ്പ് വന്നിട്ടില്ല.

 

വളരെ മെലിഞ്ഞ നിഖിലയെയാണല്ലോ ഇപ്പോൾ കാണുന്നത്?

ലൗവ് 24/7ന് മുമ്പ് ഞാനൊരു തമിഴ്പടത്തിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അതിന് വേണ്ടിയാണ് തടിവെച്ചത്. എനിക്ക് അത്ര തടിയില്ലായിരുന്നു. ലൗവ് 24/7ന് സിനിമയ്ക്ക് ശേഷം കുറച്ച് കഷ്ടപ്പെട്ടാണ് പഴയ രൂപത്തിൽ എത്തിയത്.