രജിഷ വിജയന്റെ പുതിയ ചിത്രം ജൂണിലെ പാട്ട് തരംഗമാകുന്നു. മുടി മുറിച്ച് അമ്പരപ്പിക്കുന്ന മെയ്ക്കോവറിൽ പ്ലസ്ടു പ്രായമുള്ള പെണ്‍കുട്ടിയായാണ് രജിഷ എത്തുന്നത്. യുണിഫോം അണിഞ്ഞ് പല്ലില്‍ കമ്പിയിട്ട് എത്തിയ രജിഷയുടെ മെയ്ക്ക്ഓവര്‍ വിഡിയോ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മുടി മുറിക്കുമ്പോൾ കരയുന്ന രജിഷയേയും വിഡിയോയിൽ കാണാമായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം മിന്നി മിന്നി തരംഗമാവുകയാണ്. അമൃത സുരേഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഇഫ്ത്തിയാണു സംഗീതം നല്‍കിയിരിക്കുന്നത്
17 വയസ് മുതല്‍ 25 വയസ് വരെയുള്ള ഒരു പെണ്‍കുട്ടിയുടെ യാത്രയാണ് സിനിമയില്‍ പറയുന്നത്. അതിനാല്‍ 17 വയസുള്ള ഒരു കുട്ടിയുടെ ലുക്കിലും 25 വയസുള്ള പെണ്‍കുട്ടിയുടെ ലുക്കിലും രജിഷ ചിത്രത്തില്‍ എത്തുന്നു. ഇതിനായി ഡയറ്റിംഗും ജിം വര്‍ക്കൗട്ടിംഗും മറ്റുമായി ഒന്‍പത് കിലോയോളമാണ് ചുരുങ്ങിയ നാള്‍ കൊണ്ട് രജിഷ കുറച്ചത്.
നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. ഒരു പെണ്‍കുട്ടിയുടെ ആദ്യപ്രണയം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണില്‍ പറയുന്നത്. നായികാ കേന്ദ്രീകൃതമായ സിനിമയാകും ജൂണ്‍ എന്നും വിജയ് ബാബു പറയുന്നു.