പ്രളയകാലത്തെ ഓണമേൽപ്പിച്ച ആഘാതം ക്രിസ്മസ് അവധിക്കാലത്ത് മറികടക്കാനൊരുങ്ങി സിനിമാമേഖല. ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജയസൂര്യ എന്നീ യുവതാരങ്ങളുടെ ചിത്രങ്ങളാണ് അവധിക്കാലത്ത് പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. തമിഴിൽ നിന്ന് മാരി ടുവും ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാന്റെ സീറോയും പ്രദർശനത്തിനെത്തി. 

 

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. പതിനാറ് വർഷങ്ങൾക്കുശേഷം ശ്രീനിവാസനും  സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നുവെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍. 

 

ടൊവിനോ തോമസും ഉർവശിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് സംവിധാനം. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ലളിതമായി കഥ പറയുന്ന ചിത്രം. 

 

മെന്റലിസ്റ്റ് ‌ഡോൺ ബോസ്കോയുടെ കഥ പറഞ്ഞ പ്രേതത്തിന്റെ രണ്ടാം ഭാഗം പ്രേതം 2 പ്രേക്ഷകരിലേക്കെത്തി. ജയസൂര്യ തന്നെയാണ് നായകൻ.  ഒറ്റപ്പാലത്തെ വരിക്കാശേരി മനയിലായിരുന്നു ചിത്രീകരണം. സിദ്ധാർഥ് ശിവ, സാനിയ ഇയ്യപ്പൻ, ദുർഗ്ഗ കൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. 

 

ലാൽ ജോസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രമാണ് തട്ടുംപുറത്തെ അച്യുതൻ. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മുഴുനീള ഹാസ്യചിത്രമാണ് തട്ടുംപുറത്തെ അച്യുതൻ. 

 

ടൊവിനോയ്ക്കിത് സ്പെഷ്യൽ ക്രിസ്മസ് ആണ്. ധനുഷ് നായകനാകുന്ന മാരി ടുവിൽ ടൊവിനോ ആണ് വില്ലൻ.  മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. വരലക്ഷ്മി ശരത്കുമാർ, സായ് പല്ലവി എന്നിവരാണ് നായികമാർ. 2015ൽ പുറത്തിറങ്ങിയ മാരി സൂപ്പർ ഹിറ്റായിരുന്നു. 

 

ഷാരൂഖ് ഖാൻ, കത്രീന കെയ്ഫ്, അനുഷ്ക ശർമ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് സീറോ. മൂന്നടി പൊക്കമുള്ള കഥാപാത്രമായാണ് ഷാരൂഖ് എത്തുന്നത്. ജബ് തക് ഹെയ് ജാനിന് ശേഷം ഷാരൂഖും കത്രീനയും ഒന്നിക്കുന്ന ചിത്രമാണ് സീറോ. 

 

ഒപ്പം മോഹന്‍ലാലിന്‍റെ ഒടിയനും ക്രിസ്മസ് കാലത്ത് തീയറ്ററുകളിലുണ്ട്. ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.