മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിളള സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മമാങ്കത്തിൽ നിന്ന് നടൻ ധ്രുവിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മാമാങ്കത്തിന്റെ സംവിധായകൻ സജീവ് പിളള. ധ്രുവനെ ചിത്രത്തിൽ ഒഴിവാക്കിയതിനെ കുറിച്ച് അറിയില്ലെന്നും ഒഴിവാക്കിയെങ്കിൽ ഈഗോ പ്രശ്നങ്ങൾ മൂലമാകാനേ സാധ്യതയുളളുവെന്നും മാമാങ്കത്തിന്റെ സംവിധായകൻ സജീവ് പിളള മനോരമ ന്യൂസ് ഡോട്കോമിനോട് പറഞ്ഞു. 

ധ്രുവൻ മികച്ച അഭിനേതാവാണ്. അസാധ്യമായിട്ടാണ് ധ്രുവൻ അഭിനയിക്കുന്നത്. സ്ക്രിപ്റ്റ് മനപാഠമാണ് അയാൾക്ക്. ഒരു കഥാപാത്രത്തിനു വേണ്ടി ഒരു യുവതാരം ഇത്രമാത്രം കഠിനാദ്ധ്വാനം ചെയ്യുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മമ്മൂക്ക പലപ്പോഴും ധ്രുവനെ പ്രശംസിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ട്. എന്റെ മനസിൽ കണ്ട കഥാപാത്രത്തിന് ധ്രുവന്റെ മുഖവും ശരീര ഭാഷയുമാണ്. ഒരു വർഷം കഠിനാദ്ധ്വാനം ചെയ്താണ് ഒരു യോദ്ധാവിന്റേതിനു സമാനമായ ശരീരം അയാൾ ഒരുക്കിയെടുത്തത്. മുടി വളർത്തുകയും കളരി അഭ്യസിക്കുകയും നിരന്തരം ജിമ്മിൽ പോകുകയും ഒക്കെ ചെയ്തിട്ടുണ്ട്– സജീവ് പിളള പറയുന്നു. 

പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയാണ് മാമാങ്കത്തിന്റെ നിർമാതാവ്. കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴ് കിലോമീറ്റർ തെക്കുമാറി തിരുനാവായ മണപ്പുറത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളിൽ നടന്നുവന്ന ഉത്സവമാണിത്. ഇൗ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് സജീവ് പിളള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 

തന്റെ ആദ്യ സിനിമാ സ്വപ്നവുമായി ഈ വിഷയത്തിൽ സംവിധായകൻ സജീവ് പിളള നടത്തിയ പഠന ഗവേഷണങ്ങൾ ചെറുതൊന്നുമായിരുന്നില്ല. ഡൽഹിയിൽ ടെലിവിഷൻ ഇന്റർനാഷണലിൽ പ്രവർത്തിച്ചിരുന്ന സജീവ് ഈ സിനിമയുടെ ഗവേഷണങ്ങൾക്കു വേണ്ടിയാണ് നാട്ടിൽ എത്തിയത്. 1999 മുതലാണ് വിഷയം പഠിച്ചു തുടങ്ങിയത്. താപ്പാനയുടെ സെറ്റിൽ വച്ചാണ് ആദ്യമായി മമ്മൂട്ടിയോട് കഥ പറയുന്നത് ബാവൂട്ടിയുടെ നാമത്തിൽ ചിത്രീകരിക്കുമ്പോൾ പുർണമായ സ്ക്രിപ്റ്റ് കേൾപ്പിച്ചു. 2010 ലാണ് സ്ക്രിപ്റ്റ് രജിസ്റ്റർ ചെയ്തത്.