ഉർവ്വശിയും ടൊവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും മഴവിൽ മനോരമയിലെ തകർപ്പൻ കോമഡി വേദിയിലെത്തി.

 

വേദിയിലെത്തിയ ടൊവിനോട് സരയൂവിന്റെ ആദ്യചോദ്യം ഇങ്ങനെ: ''ടൊവിനോയുടെ സിനിമയാകുമ്പോൾ എന്റെ ഉമ്മ എന്നായിരുന്നു പേരെങ്കിൽ കാര്യങ്ങൾ എളുപ്പമായിരുന്നു. ഇതിപ്പോ എന്റെ ഉമ്മാന്റെ പേര് എന്നായതുകൊണ്ട് ഒന്നും മനസ്സിലാകുന്നില്ല.''

 

സരയൂവിന്റെ സരസമായ ചോദ്യത്തിന് സരസമായിതന്നെ ടൊവിനോയുടെ മറുപടിയെത്തി. ഈ പെൺകുട്ടികളെന്താ ഇങ്ങനെ, എപ്പോഴും എന്റെ ഉമ്മയെപ്പറ്റിയാണ് ചിന്ത. ചുംബനം എന്നർഥം വരുന്ന ഉമ്മയല്ല, അമ്മ എന്നർഥമുള്ള ഉമ്മയാണ് ഇത്. 

 

ടൊവിനോയ്ക്ക് പിന്തുണയുമായി ഉർവശിയുമെത്തി. 'അതെന്താ ചുംബനം മഹനീയമല്ലേ? ഉദാത്തമായ സ്നേഹത്തിന്റെ പ്രതീകമാണ് ചുംബനം. അത് കൊച്ചുകുട്ടികളായാലും അച്ഛനും അമ്മയുമായാലും ചുംബനം ചുംബനം തന്നെ. 

 

സംവിധായകൻ ആക്ഷൻ പറഞ്ഞാൽ ക്യാമറക്ക് മുന്നിൽ മാത്രമെ താൻ ചുംബിക്കാറുള്ളൂവെന്നും ടൊവിനോ പറഞ്ഞു. 'ആകെ മൂന്ന് സിനിമകളിലേ ഞാൻ ഉമ്മ വെച്ചിട്ടുള്ളൂ. ലൊക്കേഷനിൽ നൂറുകണക്കിനാളുകൾ നിൽക്കുന്നുണ്ടാകും. ആക്ഷൻ പറയുമ്പോ ഉമ്മ വെക്കുന്നതാണ്. വലിയ രസമൊന്നുമില്ല.', ടൊവിനോയുടെ മറുപടി സദസ്സിൽ ചിരി പടർത്തി.

 

നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. തമിഴിൽ ധനുഷ് നായകനാകുന്ന മാരി 2 വില്‍ വില്ലനായെത്തുന്നതും ടൊവിനോയാണ്.