nithya-das-mazhavil-19

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ അഭിനയിച്ചുള്ളൂവെങ്കിലും മലയാളികളുടെ ഇഷ്ടതാരം തന്നെയാണ് നിത്യാ ദാസ്. ഈ പറക്കും തളികയിലൂടെയാണ് നിത്യ മലയാളപ്രക്ഷേകർക്ക് സുപരിചിതയാകുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന നിത്യ നീണ്ട ഇടവേളക്ക് ശേഷം മിനിസ്ക്രീനിൽ എത്തിയിരിക്കുകയാണ്. 

 

ഒന്നും ഒന്നും മൂന്നിൽ നവ്യ നായർക്കൊപ്പം അതിഥിയായാണ് നിത്യ എത്തിയത്. പഞ്ചാബ് സ്വദേശിയും എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ അർവിന്ദ് സിങ് ആണ് നിത്യയുടെ ഭർത്താവ്. കോഴിക്കോടാണ് ഇപ്പോൾ താമസം.  രണ്ട് കുട്ടികളുടെ അമ്മയാണ് നിത്യ. മക്കളും നിത്യക്കൊപ്പം വേദിയിലെത്തി. 

 

അർവിന്ദ് സിങ്ങിനെ പരിചയപ്പെട്ട കഥയും പ്രണയത്തിലായതിനെക്കുറിച്ചും നിത്യ പങ്കുവെച്ചു. 

 

‘വി.എം വിനു സാറും രഞ്ജിത്ത് ഏട്ടനുമാണ് ഞങ്ങളുടെ ബന്ധം തുടങ്ങിത്തന്നതെന്നു പറയാം. എന്റെ പ്രണയകഥ കേട്ടാൽ ചിലപ്പോൾ അവർ തകർന്നുപോകുമായിരിക്കും. അവർക്കിതറിയില്ല. തുറന്നുപറയാൻ പറ്റുമോ എന്നറിയില്ല.  എന്നാലും ഞാൻ പറയും.

 

'ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്കു ഫ്ലൈറ്റിൽ വരുകയാണ്. ചേട്ടൻ ആ ഫ്ലൈറ്റിലെ സ്റ്റാഫ് ആണ്. ഫ്ലൈറ്റിൽ വിനു സാറും രഞ്ജിത്ത് ഏട്ടനും എനിക്കൊപ്പം ഉണ്ട്. ഈ ഫ്ലൈറ്റിൽ കാണാൻ നല്ല പെണ്ണുങ്ങളൊന്നും ഇല്ലെന്നും ഒക്കെ വയസ്സായവരാണെന്നും അവർ കമന്റ് അടിക്കുന്നുണ്ടായിരുന്നു.

 

അപ്പോൾ ഞാൻ പറഞ്ഞു: ‘എന്തിനാണ് പെണ്ണുങ്ങളെ നോക്കുന്നത്,ദേ ആ നിൽക്കുന്ന പയ്യൻ എത്ര സുന്ദരനാണെന്നു നോക്കൂ, അവനെ നോക്കൂ.’ അപ്പോൾത്തന്നെ രഞ്ജിത്ത് ഏട്ടൻ അത് കേറിപ്പിടിച്ചു, ‘നിനക്ക് അവൻ സുന്ദരനായാണോ തോന്നുന്നത്’ എന്നു ചോദിച്ചു. അതെയെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു.

 

ഉടൻ രഞ്ജിത്ത് ഏട്ടൻ അദ്ദേഹത്തെ അടുത്തേക്കു വിളിച്ച്, ഇവൾക്കു നിങ്ങളുടെ പേര് അറിയാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു. ഇങ്ങനെയൊരു നീക്കം ഞാൻ പ്രതീക്ഷിക്കുന്നേ ഇല്ല. നമ്മൾ വളരെ ഡീസന്റ് ആയി ഇങ്ങനെ ഇരിക്കുകയല്ലേ? രഞ്ജിത്തേട്ടന്റെ ചോദ്യം കേട്ട് ‘താങ്കൾക്ക് എന്റെ പേര് അറിയണമോ’ എന്ന് അദ്ദേഹം ചോദിച്ചു. വേണ്ടെന്നു ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആ സംഭവം കഴിഞ്ഞു.

 

അതിനുശേഷം ഇരുപതോളം തവണ ചെന്നൈ–കോഴിക്കോട് ഫ്ലൈറ്റിൽ‌ യാത്ര ചെയ്തിട്ടുണ്ട്. ആ ഇരുപതു പ്രാവശ്യവും ചേട്ടൻ തന്നെയായിരുന്നു കാബിൻ ക്രൂ. അങ്ങനെ പരിചയമായി, പിന്നീട് വിവാഹത്തിലേക്ക് എത്തി. പ്രണയത്തിന് ഭാഷയില്ല എന്നുപറയുന്നതുപോലെയായിരുന്നു എന്റെ ജീവിതം. ഞങ്ങളുടെ വിവാഹം ഗുരുവായൂരു വച്ചായിരുന്നു. അത് ഞങ്ങളുടെ പ്രാർഥനയായിരുന്നു’.–നിത്യ പറഞ്ഞു.