asha-sarath-kamala-haasan

മോഹൻലാൽ നായകനായ ദൃശ്യം തമിഴിൽ റിമേക്ക് ചെയ്തപ്പോൾ കമലഹാസൻ ആയിരുന്നു നായകൻ. പൊലീസ് ഉദ്യോഗസ്ഥയുടെ റോൾ തമിഴിൽ അവതരിപ്പിച്ചത് ആശാ ശരത് തന്നെയായിരുന്നു. ആദ്യ സീനില്‍‌ തന്നെ കമലഹാസനെ 'ഡാ' എന്നു വിളിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് പറയുകയാണ് താരം. മഴവിൽ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിൽ‌ സംസാരിക്കുകയായിരുന്നു ആശാ ശരത്.

‘പാപനാശത്തിൽ ആദ്യത്തെ സീനിൽ കമൽ സാറിന്‍റെ മുഖത്ത് നോക്കി എന്ന‍ടാ എന്നു വിളിക്കുന്നതാണ്. സാറിന്‍റെ മുഖത്ത് നോക്കി അങ്ങനെൊന്നും വിളിക്കാൻ പറ്റില്ല, അയ്യാ എന്നു വിളിച്ചാൽ പോരേ എന്ന് ഡയലോഗ് പഠിപ്പിച്ച ആളോട് ചോദിച്ചു. ഷോട്ട് റെഡിയായപ്പോൾ നാമം ജപിച്ച് ഞാൻ നിൽക്കുകയാണ്. കമൽ സാർ വന്നു. ജൻമം ചെയ്താൽ എനിക്ക് ‍ഡാ വരില്ല. 'എന്നയാ നിനച്ചെ' എന്ന് ചോദിച്ചു.

കമൽസാർ എന്‍റെയടുത്ത് എപ്പോഴും മലയാളത്തിലാണ് സംസാരിക്കുക. എന്നയാ അല്ല ആശാ, ആശ പൊലീസാണ്. ഞാനൊരു ക്രിമിനലാണ്, ധൈര്യമായി 'ഡാ' എന്നു വിളിച്ചോളൂ എന്നു പറഞ്ഞു. പിന്നെ കണ്ണുമടച്ച് വേറെ ആരോ ആണ് അവിടെ നിൽക്കുന്നതെന്ന് വിചാരിച്ച് ഡാ എന്നു വിളിക്കുകയായിരുന്നു''.

ജിത്തു ജോസഫ് തന്നെയായിരുന്നു പാപനാശത്തിന്‍റെയും സംവിധായകൻ. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച നായകവേഷം തമിഴില്‍ ചെയ്തത് കമലഹാസൻ ആയിരുന്നു. ഗൗതമി ആയിരുന്നു നായിക.