actor-ajith-kumar

ലക്ഷക്കണക്കിന് ഉടലുകള്‍ക്കും ഉയിരിനും ഒരേ ഒരു ‘തല’. അജിത്ത്  കുമാറിന്റെ  പിറന്നാൾ ദിനത്തിൽ  ആരാധകരിലൊരാള്‍ കുറിച്ചത് ഇങ്ങനെയാണ്. അതിസാധാരണക്കാരനെ അസാധാരണത്വത്തിലേക്കും അവിശ്വസനീയതയിലേക്കും താരപ്പകിട്ടിനൊപ്പം വളര്‍ത്തുകയും വാഴ്ത്തുകയും ചെയ്യുന്ന ഇടമാണ് തമിഴകം. ആ തമിഴകത്ത് നാട്യങ്ങളില്ലാതെ ഇടപെടുന്ന താരമാണ് അജിത്ത് കുമാർ എന്ന തല. സിനിമയിലും ജീവിതത്തിലും ഹീറോയാണെന്ന് ഒരിക്കൽ കൂടി തെളിക്കുകയാണ് തല. വലിയ താരമെന്ന ഭാവങ്ങളില്ലാതെ ആരാധകർക്കിടയിലിറങ്ങുന്ന താരം. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആരാധകരുടെ കണ്ണീരൊപ്പുന്നതിനും മടിയില്ലാത്ത താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്. 

തന്റെ പുതിയ ചിത്രം വിശ്വാസത്തിന്റെ സെറ്റിൽ മരണമടഞ്ഞ നർത്തകന്റെ കുടുംബത്തിന് താങ്ങും തണലുമായി എത്തിയിരിക്കുകയാണ്   താരം. നർത്തകനായ ഓവിയം ശരവണനാണ് അജിത്തിന്റ പുതിയ ചിത്രമായ വിശ്വാസത്തിന്റെ സെറ്റിൽ മരിച്ചത്. പുനെയിൽ വച്ച് നടന്ന നൃത്ത ചിത്രീകരണത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. 

മരണവിവരം അറിഞ്ഞ ഉടൻ അജിത്ത് കുമാർ ആശുപത്രിയിൽ ഓടിയെത്തുകയും തുടർ നടപടികളിൽ സജീവമാകുകയും ചെയ്തു. കുടുംബത്തിന് എട്ട് ലക്ഷത്തോളം രൂപം അജിത് നൽകിയതാണ് റിപ്പോർട്ട്. വീരം, വേതാളം, എന്നീ ആഘോഷ ചിത്രങ്ങൾക്ക് ശേഷം ശിവ– അജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് വിശ്വാസം.