‘പാലും പഴവും കൈകളിലേന്തി..’ എന്ന വിനോദയാത്രയിലെ രണ്ടുവരി പാട്ടു പാടി ഹിറ്റായ ആ കൊച്ചുപയ്യനല്ല ഇന്ന് ഗണപതി. വളർന്ന് നായകനായി അരങ്ങേറ്റം കുറിച്ചു. അപ്പോഴും ആ പഴയ രണ്ടുവരിപ്പാട്ട് മറന്നിട്ടില്ല ഈ താരം. ആ വൈറല്‍ സീനിനു പിന്നിലെ കഥ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് ഗണപതി. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം മനസു തുറന്നത്. നായകനായി അഭിനയിക്കുന്ന വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവെയ്ക്കാനെത്തിയതായിരുന്നു ഗണപതി. 

ആ പാട്ടിനു പിന്നിലെ കഥയിങ്ങനെ: ''സിനിമയിലെ ആ ഭാഗം ക്രിയേറ്റ് ചെയ്തത് ശരിക്കും ഇന്നസെന്റ് ചേട്ടനാണ്. ഇന്നസെന്റ് ചേട്ടൻ ഏന്നോടു ചോദിച്ചു, നിനക്ക് പാലും പഴവും എന്ന പാട്ട് അറിയാമോ? ഞാൻ അറിയാമെന്നു പറഞ്ഞു. കാരണം പണ്ട് വീട്ടലൊക്കെ ഈ പാട്ടുപാടി ചിലർ വരുമായിരുന്നു. അപ്പോൾ ഇന്നസെന്റ് ചേട്ടൻ ചോദിച്ചു. നിനക്കു മൊത്തം വരികള്‍ അറിയാമോ എന്ന്. ഇല്ല എന്നു പറഞ്ഞു. എന്നാൽ ശരി രണ്ടുവരി അറിഞ്ഞാൽ മതിയെന്നു ചേട്ടൻ പറഞ്ഞു. അങ്ങനെയാണ് ആ സീൻ ഉണ്ടാകുന്നത്.' ഇന്നസെന്റ് ചേട്ടനോടു സംസാരിച്ചാൽ ഇത്രയും കഥകളും പാട്ടുകളും അറിയാവുന്ന ഒരാളുണ്ടോ എന്നു സംശയം തോന്നും എന്നായിരുന്നു കേട്ടുനിന്ന റിമി ടോമിയുടെ മറുപടി. 

കഥ പറയുക മാത്രമല്ല, തന്നെ ഹിറ്റാക്കിയ ആ ഗാനം ഒരിക്കൽ കൂടി പാടുക കൂടി ചെയ്തു ഗണപതി. വിഡിയോ കാണാം.