റിലീസ് ചെയ്ത് അഞ്ചാഴ്ചക്കുള്ളിൽ '96' ദീപാവലിക്ക് ടെലിവിഷൻ പ്രീമിയറായി സ്വീകരണമുറിയിൽ എത്തുന്നതിനെതിരെ നടി തൃഷ. ഇത് ശരിയായ രീതിയല്ലെന്ന് തൃഷ ട്വിറ്ററിലൂടെ പ്രതികരിച്ചു. സൺ ടിവിയാണ് ദീപാവലിക്ക് ചിത്രം സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്. 

 

''ഇത് ഞങ്ങളുടെ അഞ്ചാമത്തെ ആഴ്ചയാണ്. ഇപ്പോഴും തിയറ്ററുകളിൽ ചിത്രം നിറഞ്ഞോടുകയാണ്. ഒരു ടീമെന്ന നിലയ്ക്ക് 96 ഇത്ര നേരത്തെ ടെലിവിഷൻ പ്രീമിയർ ആയി എത്തുന്നത് ശരിയല്ല. പ്രീമിയർ പൊങ്കലിലേക്ക് മാറ്റിവെക്കണമെന്ന് അഭ്യർഥിക്കുന്നു'', തൃഷ ട്വിറ്ററിൽ കുറിച്ചു. 

 

തമിഴിലെ ഈ വർഷത്തെ മികച്ച ചിത്രങ്ങളിലൊന്നെന്ന പട്ടികയിലേക്ക് 96 ഇതിനകം ഉയർന്നുകഴിഞ്ഞു. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴും വിജയകരമായി ചിത്രം പ്രദർശനം തുടരുകയാണ്. 

 

സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയും തൃഷയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോവിന്ദ് മേനോൻ ആണ് സംഗീതസംവിധാനം. ഒക്ടോബര്‍ നാലിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്.