സിനിമാകുടുംബത്തിൽ നിന്നും ബാലതാരമായെത്തി പിന്നീടൊരു ഇടവേളക്കു ശേഷം നായകനായെത്തി മലയാളികളുടെ ഇഷ്ടതാരമായ നടനാണ് കാളിദാസ് ജയറാം. ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ജിത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡി റിലീസ് കാത്തിരിക്കുകയാണ്. സന്തോഷ് ശിവന്‍റെ സംവിധാനത്തിൽ മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമയുടെ ഷൂട്ടിങ്ങാണ് ഇപ്പോൾ നടക്കുന്നത്.
നായകനായി തിരിച്ചെത്തിയ ശേഷം അച്ഛൻ ജയറാമുമൊത്തുള്ള കോമ്പിനേഷനായി കാത്തിരിക്കുകയാണ് ഇരുവരുടേയും ആരാധകര്‍. കാളിദാസ് ബാലതാരമായി അഭിനയിച്ച ചിത്രങ്ങളിൽ ജയറാം ആയിരുന്നു നായകൻ.
''ഒരുമിച്ചൊരു ചിത്രം ചെയ്യാൻ ഞങ്ങൾ ഇരുവർക്കും താത്പര്യം ഉണ്ട്. എന്നാൽ ഒരു നല്ല ടീമും നല്ല തിരക്കഥയും വേണം. അല്ലെങ്കിൽ അതുകൊണ്ട് കാര്യമില്ല'', ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ കാളിദാസ് പ്രതികരിച്ചു.
കൊച്ചുകൊച്ചു സന്തോഷങ്ങൾ, എൻറെ വീട് അപ്പൂന്‍റേം എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. എന്‍റെ വീട് അപ്പൂന്‍റേം എന്ന ചിത്രത്തിലെ അഭിനയം കാളിദാസിന് മികച്ച ബാലതാരത്തിനുള്ള 2003 ലെ ദേശീയ അവാർഡ് നേടിക്കൊടുത്തിരുന്നു.