TAGS

തമിഴ് സൂപ്പർതാരം അർജുൻ ലൈംഗികാതിക്രമം നടത്തിയെന്ന മലയാള നടി ശ്രുതി ഹരിഹരന്റെ ആരോപണത്തിൽ നടൻ അർജുൻ സർജയ്ക്കെതിരെ പൊലീസ് കേസേടുത്തു. ബെംഗളൂരു കബേൺ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് ശ്രുതി ഇത് സംബന്ധിച്ച പരാതി നൽകിയത്. 354, 354 എ, 509 വകുപ്പ് പ്രകാരമാണ് കേസ്. സംഭവത്തിൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സ്ഥിരികരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. 

സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പെരുമാറുക, സംസാരിക്കുക, അപമര്യാദയായി പെരുമാറുക, തുടങ്ങിയ കുറ്റങ്ങൾക്ക് ചുമത്തുന്ന വകുപ്പാണിതെന്നും ആരോപണവിധേയന്റെ പ്രൃത്തി അവമതിയുണ്ടാക്കിയെന്ന ഇരയുടെ മൊഴി മാത്രം മതി ‌നടനെ അറസ്റ്റ് ചെയ്യാനെന്നും നിയമവിദഗ്ദ്ദർ ചൂണ്ടിക്കാട്ടുന്നു. രണ്ട് വർഷം വരെ തടവും പിഴവും ലഭിക്കാവുന്ന കുറ്റത്തിൽ അർജുനനെ വൈകാതെ കസ്റ്റഡിയിൽ എടുക്കുമെന്നും അഭ്യൂഹങ്ങൾ പരക്കുകയാണ്. 

അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അർജുൻ നൽകിയ അപകീർത്തിക്കേസിൽ  ശ്രുതി ഹരിഹരന് സിറ്റി സിവിൽ കോടതി നോട്ടിസ് അയച്ചതിനു തൊട്ടുപിന്നാലെയാണ് അർജുനനെതിരെ പൊലീസ് കേസെടുത്തത്.  അതിനിടെ, അർജുന്റെ മാനേജർ പ്രശാന്ത് സംപർഗി വധഭീഷണി മുഴക്കിയെന്ന് ശ്രുതി പരാതി നൽകിയിരുന്നു. കർണാടക ഫിലം ചേംബർ ഓഫ് കൊമേഴ്സ് നടത്തിയ അനുനയ ചർച്ചയ്ക്കു ശേഷമാണ് പ്രശാന്ത് ഭീഷണിപ്പെടുത്തിയത്. സിനിമാ ലോകത്തെ തന്റെ പേര് മോശമാക്കാൻ ഇയാൾ ശ്രമിക്കുന്നുവെന്നും ആരോപിച്ചു. അർജുൻ നിയമനടപടിയിലേക്ക് നീങ്ങിയ സാഹചര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ശ്രുതി പറഞ്ഞിരുന്നു. നിബുണൻ എന്ന  സിനിമയുടെ ഗാന ചിത്രീകരണ വേളയിൽ അർജുൻ കടന്നുപിടിച്ചെന്നാണ് ശ്രുതി കഴിഞ്ഞ 19ന് ആരോപിച്ചത്.

ബെംഗളൂരു സിറ്റി സിവിൽ കോർട്ടിൽ അർജുന് വേണ്ടി അനന്തിരവൻ ധ്രുവ് സർജയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. റിഹേഴ്സലിന്റെ സമയത്ത് അണിയറ പ്രവർത്തകരുടെ സാന്നിധ്യത്തിൽ മുൻകൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അർജുൻ തന്നെ ആലിംഗനം ചെയ്തുവെന്നും അത് തന്നിൽ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തിയിരുന്നു. 

ആരോപണങ്ങളിൽ അതിയായി ദുഖിക്കുന്നുവെന്നും ഒരിക്കൽ പോലും താനൊരു സ്ത്രീയെ മോശമായി തൊട്ടിട്ടില്ലെന്നും മീ ടൂ മൂവ്മെന്റിനോട് ബഹുമാനമുണ്ടെന്നും അർജുൻ പറഞ്ഞു. നടിക്ക് പിന്തുണമായി പ്രകാശ് രാജ്,  നടി ശ്രദ്ധാ ശ്രീനാഥ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. അർജുൻ സൂപ്പർതാരമായിരിക്കാം എന്നാൽ ശ്രുതി അനുഭവിച്ച വേദനയും നിസ്സഹായാവസ്ഥയും നമുക്ക് തിരിച്ചറിയാൻ സാധിക്കണം. അർജുൻ ആരോപണങ്ങൾ നിഷേധിച്ചാലും ആ ദിവസം ശ്രുതി അനുഭവിച്ച വേദനയ്ക്ക് അദ്ദേഹം മാപ്പ് പറഞ്ഞാൽ നന്നായിരിക്കും– പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.