96 എന്ന പുതിയ തമിഴ് ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായിരിക്കുകയാണ് ആദിത്യ ഭാസ്കര്‍. വിജയ് സേതുപതിയുടെ ചെറുപ്പകാലം അഭിനയിച്ച ആദിത്യ തമിഴ് സിനിമയിലെ പുതിയ താരോദയമാണ്. തന്‍റെ ആദ്യ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി ആദിത്യ ഭാസ്കര്‍ പുലര്‍വേളയില്‍. വിഡിയോ കാണുക.
ഒരു ഇമോഷനൽ റൊമാന്റിക് ഡ്രാമയാണ് ചിത്രം. ഓർമകളിലേക്കുള്ള മനോഹരമായ ഒരു തിരിച്ചുപോക്ക്. 1996 ബാച്ചിലെ സ്കൂൾ സഹപാഠികൾ 22 വർഷങ്ങൾക്കുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ കാമ്പ്. ആ ഒത്തുചേരലിൽ വച്ച് പഴയ സ്‌കൂൾ കാലഘട്ടം അവർ ഒന്നുകൂടി ഗൃഹാതുരതയോടെ സ്മരിക്കുന്നു.
സി.പ്രേം കുമാർ ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും. തൃഷയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മഹേന്ദ്രന്‍ ജയരാജും എന്‍. ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം.
രാമചന്ദ്രനും ജാനകിയും സ്‌കൂൾ കാലത്ത് നിഷ്കളങ്കമായി നിശബ്ദമായി അന്യോന്യം പ്രണയിച്ചവരാണ്. കോളജ് കാലമായപ്പോഴേക്കും ഇരുവരും വേർപിരിയുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ഇരുവരും ഏറെ മാറി. രാമചന്ദ്രൻ ട്രാവൽ ഫൊട്ടോഗ്രഫറായി. പഴയ നഷ്ടപ്രണയത്തിന്റെ ഓർമകളും പേറി അയാൾ ഏകനായി ജീവിക്കുന്നു. പിന്നീട് 22 വർഷങ്ങൾക്കുശേഷം ഇരുവരും കണ്ടുമുട്ടുമ്പോഴുള്ള ഓർമകളുടെ അയവിറക്കലും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.