നിറയെ രാഷ്ട്രീയവുമായാണ് വിജയ് നായകനാവുന്ന പുതിയ ചിത്രം സര്‍ക്കാര്‍ ദീപാവലിക്ക് തിയറ്ററിലെത്തുക എന്ന് വ്യക്തം. ചെന്നൈയില്‍ നടന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് വേദിയിലായിരുന്നു രാഷ്ട്രീയ ഉന്നംവച്ചുള്ള ദളപതി വിജയിയുടെ വാക്കുകള്‍. പതിവില്‍ നിന്ന് വ്യത്യസ്തനായി തുറന്നുസംസാരിച്ച വിജയ്്യെ ആണ് ഇന്നലെ ചെന്നൈയില്‍ കണ്ടത്. രാഷ്ട്രീയ നേതാവ് അണികളെ അഭിസംഭോധന ചെയ്യുന്ന ശരീരഭാഷ. സിനിമയുടെ ഭാഗമായ ഓരോരുത്തരേയും പേരെടുത്തുപറഞ്ഞ് പ്രശംസിച്ചു.
എ.ആര്‍.റഹ്മാന്‍ ചടങ്ങിനെത്തിയതോടെ "സര്‍ക്കാരിന്" ഓസ്കാര്‍ കിട്ടിയ സന്തോഷമെന്ന് വിജയ് പറഞ്ഞത് നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്. കഴിഞ്ഞ ദീപാവലി ചിത്രമായ മെര്‍സല്‍ ചെറിയതോതില്‍ രാഷ്ട്രീയം പറഞ്ഞിരുന്നു. എന്നാല്‍ പുതിയ ചിത്രമായ സര്‍ക്കാരില്‍ നിറയെ മെര്‍സലാണ് എന്നാണ് വിജയ് പറഞ്ഞത്. അതായത് രാഷ്ട്രീയം നിറയെയുണ്ട് ചിത്രത്തിലെന്ന് വ്യക്തം. ഇതു പറഞ്ഞതോടെ കയ്യടിയുടെ അലടികള്‍ നില്‍ക്കാന്‍ സമയമെടുത്തു. എന്നാല്‍ ചിത്രത്തില്‍ മുഖ്യമന്ത്രിയായിട്ടാണ് വിജയ് എത്തുന്നത് എന്ന വാര്‍ത്തകളുണ്ടല്ലോ എന്ന അവതാരകന്‍റെ ചോദ്യത്തിന് അങ്ങനെയല്ല എന്ന ഉത്തരം നല്‍കി. അതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.
യഥാര്‍ഥ ജീവിതത്തില്‍ മുഖ്യമന്ത്രിയായാല്‍ എന്തു കാര്യത്തിനാണ് മുന്‍ഗണന എന്നായിരുന്നു അടുത്ത ചോദ്യം. രണ്ടുമിനിറ്റ് നിശ്ബദത. ആലോചിച്ച ശേഷം അഞ്ചുമിനിറ്റ് നീണ്ട നിലപാട് വ്യക്തമാക്കല്‍. സാങ്കല്‍പ്പികമായ ഒരു കാര്യത്തെ കുറിച്ചാണ് ചോദ്യമെന്നും എന്തായാലും ഉത്തരം നല്‍കാമെന്നും വിജയ് പറഞ്ഞു ഓരോ ഡയലോഗുകള്‍ക്കും ആരാധകര്‍ മാത്രമല്ല ചടങ്ങില്‍ സാക്ഷ്യം വഹിച്ച വരലക്ഷ്മി ശരത് കുമാര്‍, കീര്‍ത്തി സുരേഷ് എന്നവരടക്കം കയ്യടിച്ചു.
മുഖ്യമന്ത്രിയായാല്‍ മുഖ്യമന്ത്രിയായി അഭിനയിക്കില്ല എന്നായിരുന്നു ആദ്യ മറുപടി. (ഈ വാക്കുകളിലൂടെ രാഷ്ട്രീയത്തിലിറങ്ങിയാല്‍ അഭിനയം നിര്‍ത്തും എന്നാണ് വിജയ് പറയാതെ പറഞ്ഞതെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്) മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പോലും കൈക്കൂലി നല്‍കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ദളപതി ചോദിച്ചു. താഴെ തട്ടിലുള്ളവര്‍ (ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും) കൈക്കൂലി വാങ്ങുകയും അഴിമതി നടത്തുകയും ചെയ്യുന്നത് മുകളിലുള്ളവര്‍ ചെയ്യുന്നത് കണ്ടിട്ടാണ്. നയിക്കുന്നവര്‍ നേരെയായാല്‍ താഴെയുള്ളവരും അത് കണ്ട് പഠിക്കും. നല്ല നേതാവുണ്ടായാല്‍ ആ രാഷ്ട്രീയപാര്‍ട്ടിതന്നെ നല്ലതായി മാറുമെന്നും ജനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ ഉണ്ടാകുമെന്നും വിജയ് പറഞ്ഞു.
"ഗാന്ധിജിയുണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസ് നല്ല പ്രസ്ഥാനമായിരുന്നു. ഇപ്പോഴങ്ങനെയല്ല എന്നല്ല പറയുന്നത്. അന്ന് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. നല്ല നേതാക്കള്‍ അതിന്‍റെ ഭാഗമായിരുന്നു. അതുപോലെയാണ് പറയുന്നത്. നല്ല നേതാവുണ്ടായാല്‍ അണികളുണ്ടാകും.” വിജയ് കൂട്ടിച്ചേര്‍ത്തു
ധര്‍മവും ന്യായവും ജയിക്കുമെന്നും പക്ഷേ അതിന് സമയമെടുക്കുമെന്നും ദളപതി പറഞ്ഞപ്പോള്‍ കാണികള്‍ ഇളകിമറിഞ്ഞു. പട്ടുനൂല്‍ പുഴുവില്‍ നിന്നും ശലഭങ്ങള്‍ ജനിക്കുന്നപോലെ ഒരു നേതാവ് ജനിക്കുമെന്നും അയാളുടെ കീഴില്‍ ഒരു സര്‍ക്കാര്‍ വരുമെന്നും പറഞ്ഞത് വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാക്കി.
ഇന്നലെ ചെന്നൈയിലെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ കണ്ടത് പഴയ ദളപതിയെയല്ല. വാക്കുകള്‍കൊണ്ട് ആളുകളെ ആസ്വദിപ്പിച്ച, ഡയലോഗുകള്‍ നിറച്ചും കഥകള്‍ ഉള്‍പ്പെടുത്തിയും പ്രസംഗിക്കുന്ന, ആത്മവിശ്വാസത്തോടെ ആയിരങ്ങളെ അഭിസംബോധന ചെയ്യുന്ന വിജയ്്യെയായിരുന്നു. യഥാര്‍ഥ ജീവിതത്തില്‍ മുഖ്യമന്ത്രിയായാല്‍ എന്ന ചോദ്യത്തോടുള്ള അദ്ദേഹത്തിന്‍റെ ശരീരഭാഷയും ശ്രദ്ധേയമായിരുന്നു. ചേര്‍ത്തുവായിക്കാന്‍ ഒരുപാട് നിലപാടുകള്‍ മുന്നോട്ട് വച്ചാണ് ദളപതി പ്രസംഗം അവസാനിപ്പിച്ചത് എന്നതും ശ്രദ്ധേയം.