മലയാളസിനിമയിലെ ഹിറ്റ് കൂട്ടുകെട്ടുകളിലേക്ക് കണ്ണിചേരാൻ രണ്ട് ചെറുപ്പക്കാർ കൂടിയെത്തുന്നു- ഷര്‍ഫു-സുഹാസ്. അൽപം കൂടി വ്യക്തമാക്കിയാൽ 'വരത്തനെ' സൃഷ്ടിച്ചവർ. സ്വപ്നങ്ങളും പ്രതീക്ഷകളും വരത്തൻ നൽകിയ സന്തോഷങ്ങളും മനോരമ ന്യൂസ്ഡോട്ട്കോമിനോട് പങ്കുവെയ്ക്കുകയാണ് ഈ ഇരട്ടത്തിരക്കഥാകൃത്തുക്കൾ. വരത്തന് കയ്യടിക്കുന്നവര്‍ അതിന്‍റെ തിരക്കഥയിലെ പുതുവഴികളും ജീവിതവും കൂടി കണ്ട് അമ്പരക്കുന്നു. ആ സിനിമ അനുഭവിക്കുന്നത് പുതിയ കാലത്തിന്‍റെ എഴുത്ത് കൂടിയാണ്.
സിനിമയായിരുന്നു ഊർജം, സിനിമയായിരുന്നു സ്വപ്നം. രണ്ടുപേരും പഠിച്ചത് എഞ്ചിനീയറിങ്ങ്. പക്ഷേ, പഠിച്ചിറങ്ങിയപ്പോഴേക്കും ഉറപ്പിച്ചു, ഇനിയങ്ങോട്ട് സിനിമ മതിയെന്ന്. ഒരേ സ്വപ്നങ്ങളുമായി ഒരേ ആകാശം നോക്കിക്കിടന്നവർ പരസ്പരമറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെ. ഒരുമിച്ചു നിന്നാൽ, ഒരുമിച്ചെഴുതിയാൽ അത് വെറുതെയാവില്ലെന്ന വിശ്വാസവും പ്രതീക്ഷയും സത്യമായി. രസച്ചരട് പൊട്ടിക്കാതെ വെട്ടിയും തിരുത്തിയും മൂർച്ച കൂട്ടിയും അവരെഴുതിയ വരത്തൻ ഹിറ്റ് ചാര്‍ട്ടിലിടം നേടിക്കഴിഞ്ഞു. ഇപ്പോൾ പണിപ്പുരയിലുള്ളത് മറ്റൊരു മാസ് സിനിമ- വൈറസ്.
വരത്തനിലേക്ക് വന്ന വഴി
''സിനിമാ സ്വപ്നം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ചെറിയ ഷോർട്ട് ഫിലിമുകളൊക്കെ ചെയ്തുള്ള പരിചയമുണ്ട്. സുഡാനി ഫ്രം നൈജീരിയയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. അമലേട്ടനെ (അമൽ നീരദ്) കുറച്ചു നാളുകളായി പരിചയമുണ്ട്. കുറച്ച് ആശയങ്ങൾ മനസിലുണ്ടായിരുന്നു. ആദ്യം സിനിമയാകുന്നത് വരത്തനാണെന്നു മാത്രം. ക്ലൈമാക്സിൽ കാണുന്ന ലൊക്കേഷൻ ആദ്യം പോയി കണ്ടതിനു ശേഷമാണ് സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങുന്നത് '', ഷർഫു പറയുന്നു.
''ഒരു റഫ് ഐഡിയ മനസിലുണ്ടായിരുന്നു. പൂർണമായ സ്ക്രിപ്റ്റ് ആദ്യം കയ്യിലുണ്ടായിരുന്നില്ല. ഷൂട്ടിങ്ങ് നടക്കുന്നതിനനുസരിച്ച് തിരക്കഥയും വികസിച്ചു വരികയായിരുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങൾ ലൊക്കേഷനിൽ ഉണ്ടായിരുന്നു'', സുഹാസ് കൂട്ടിച്ചേര്‍ത്തു.
വരത്തൻ എന്ന പേര്
വരത്തൻ എന്ന പേരിലേക്കെത്തുന്നതിനു മുൻപ് മറ്റു പല പേരുകളും പരിഗണനയിലുണ്ടായിരുന്നു. വരത്തന്‍റെ ഭാര്യ എന്നൊക്കെ ആദ്യം നിർദ്ദേശിക്കപ്പെട്ട പേരുകളിലൊന്നാണ്. കുള്ളന്‍റെ ഭാര്യയുമായി സാമ്യമുള്ളതിനാൽ അത് വേണ്ടെന്നു വെച്ചു. വരത്തൻ എന്ന പേരു നിർദേശിച്ചത് അമൽ നീരദാണ്.
നസ്രിയ എന്ന നിർമാതാവ്
സ്ക്രീനിൽ കാണുന്നതു പോലെ തന്നെയായിരുന്നു നിർമാതാവായ നസ്രിയ എന്ന് ഇരുവരും പറയുന്നു. ''താരജാഡകളില്ല, ഒരുപാട് തമാശകൾ പറയും. പൊസിറ്റീവ് എനർജി നൽകും, സെറ്റ് നല്ല രസമായിരുന്നു. ഫഹദിന്‍റെ കാര്യം പിന്നെ പറയേണ്ടല്ലോ, നല്ല പിന്തുണ ആയിരുന്നു'', സുഹാസ് പറയുന്നു.
ഷറഫുദീനിലെ വില്ലന്‍
രസികൻ കഥാപാത്രങ്ങള്‍ മാത്രം ചെയ്തിട്ടുള്ള ഷറഫുദീനിൽ വില്ലൻ ഭാവം കണ്ടെത്തിയത് സംവിധായകനാണ്. ആദ്യം വില്ലനായി ഷറഫുദീനെ നിർദേശിച്ചപ്പോൾ ഇരുവർക്കും സംശയമായിരുന്നു. എന്നാൽ കട്ടിമീശയൊക്കെ വെച്ചുള്ള സിനിമയിലെ ആ ലുക്ക് കണ്ടപ്പോൾ വിശ്വാസമായി. സിനിമ കണ്ടപ്പോഴും ഷറഫുദീൻ നിരാശപ്പെടുത്തിയില്ല.
നിപ്പ പ്രമേയമാകുന്ന വൈറസിനെക്കുറിച്ച്
എഴുത്തു ജോലികൾ പുരോഗമിച്ചു വരികയാണ്. വരത്തൻ പോല തന്നെ പ്രതീക്ഷയുള്ള ചിത്രമാണ് വൈറസും. വലിയ ഒരു ടീമാണ് ഒപ്പം. വലിയ ഉത്തരവാദിത്തവുമാണ്.