അന്തരിച്ച നടൻ കലാഭവന്‍ മണിയുടെ ജീവിതാനുഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംവിധായകൻ വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി തിയറ്ററുകളിലേക്ക്.  രൂപത്തിലും ഭാവത്തിലും മണിയോട് സാമ്യമുള്ള രാജാമണിയാണ് കലാഭവന്‍മണിയായി എത്തുന്നത്. ഹണിറോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍. സംവിധായകൻ വിനയനും കലാഭവൻ മണിയെ അവതരിപ്പിച്ച രാജാമണിയും ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു

 

മണിയുടെ ജീവിതം ചിത്രീകരിക്കാൻ പത്തു സിനിമയെങ്കിലും എടുക്കേണ്ടി വരുമെന്നു വിനയൻ പറയുന്നു. ഒരു സിനിമയിൽ ആ ജീവിതം ഒതുക്കാൻ പ്രയാസമാണ്. ആ നടന്റെ നൻമകളും വളർച്ചയുമാണ് സിനിമയിലൂടെ കാണിക്കുന്നത്. ബാല്യകാലത്ത് മണി അനുഭവിച്ച ദുഖങ്ങളും ദാരിദ്ര്യവും പറയുന്നുണ്ട്. കലാഭവനിൽ അഭിമുഖത്തിനു പോകുന്നതും സിനിമയിൽ പിടിച്ചു കയറാൻ ശ്രമിക്കുന്നതും കാണിക്കുന്നു. 

 

സിനിമയിൽ പ്രശസ്തനായിട്ടും മണി വന്ന വഴി മറന്നില്ല. ഒരിക്കൽ പെരുമഴയിൽ വണ്ടിയിൽ പോകുമ്പോൾ ഫ്ളക്സ് കൊണ്ടുണ്ടാക്കിയ കുടിലിൽ അമ്മയും മക്കളും താമസിക്കുന്നത് കണ്ടു. ഉടൻ വണ്ടി നിർത്തി അവരുടെ സമീപത്തെത്തി പ്രശ്നങ്ങൾ ചോദിച്ചറിയുകയും വീട് നിർമിച്ചു നൽകാമെന്നു വാഗ്ദാനം നൽകുകയും ചെയ്തു. ഇതൊന്നും ആർക്കും അറിയാത്ത കാര്യങ്ങളാണ്. മണി സുഹൃദ് വലയത്തിൽ അകപ്പെടുന്നതും മദ്യത്തിന് അടിമയാകുന്നതും എല്ലാവരേയും ഞെട്ടിച്ച് മരണപ്പെടുന്നതും സിനിമയിൽ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. 

 

തന്നെ ഒൻപതു വർഷക്കാലം സിനിമയിൽ നിന്നും വിലക്കി നിർത്തിയ കാലത്തു പോലും മണി നിരന്തരം ഫോണിലൂടെ ബന്ധപ്പെടുമായിരുന്നു. സാറിന് സാമ്പത്തിക പ്രശ്നമെന്തെങ്കിലും ഉണ്ടോ. കാശ് എത്രവേണേലും തരാം. സാറിനു വേണ്ടി സിഡി ഇറക്കാമെന്നും മണി പറഞ്ഞു. സ്വന്തമായി നീ തന്നെ ഇറക്കി കാശുണ്ടാക്കിയാൽ മതിയെന്നു താൻ തിരിച്ച് തമാശയായി മറുപടിയും നൽകിയെന്നു വിനയൻ ഓർത്തെടുക്കുന്നു