vikram-dhruv

വാർത്തകളിൽ നിറയുകയാണ് സൂപ്പർ‌താരം വിക്രമത്തിന്റെ മകൻ ധ്രുവ്. പ്രളയദുരിതത്തിൽ നിന്ന് കരകയറാൻ പരിശ്രമിക്കുന്ന കേരളത്തിന് തന്റെ ആദ്യ ചിത്രമായ 'വർമ്മ'യ്ക്ക് ലഭിച്ച പ്രതിഫലം നൽകിയാണ് ധ്രുവ് വാർത്തകളിൽ നിറഞ്ഞത്. 2017ല്‍ സൂപ്പര്‍ഹിറ്റായ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ വർമ്മയിൽ വേഷമിടുമ്പോൾ വൻ പ്രതീക്ഷയോടെയാണ് സിനിമാലോകം ധ്രുവിനെ ഉറ്റുനോക്കുന്നത്. 

ബാലയുടെ സംവിധാനത്തിലാണ് വർമ്മ ഒരുങ്ങുന്നത്. ബാല എന്ന സംവിധായകനാണ് വർമ്മ എന്ന ചിത്രം ചെയ്യാൻ തനിക്ക് പ്രചോനമെന്ന് ധ്രുവ് തുറന്നു പറഞ്ഞിരുന്നു. വിക്രമിന് നടനെന്ന നിലയിൽ ബ്രേക്ക് നൽകിയ ചിത്രമായ സേതു ഒരുക്കിയത് ബാലയായിരുന്നു. വിക്രമിന്റെ കരീയർ ബെസ്റ്റ് എന്നു തന്നെ വിളിക്കാവുന്ന പിതാമഹനിലും സേതുമാജിക്ക് പ്രകടമായിരുന്നു. മികച്ച നടനുളള ദേശീയ അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന് വിക്രത്തെ തേടിയെത്തി. ബാലയെന്ന സംവിധായകന്റെ ക്രാഫ്റ്റിലുളള വിശ്വാസമാണ് ഈ ചിത്രത്തിലേയ്ക്ക് നയിച്ചതെന്നും ധ്രുവ് പറയുന്നു. 

ഡബ്സ്മാഷ് വിഡിയോയകളിലൂടെയാണ് ധ്രുവ് താരമാകുന്നത്. രണ്ട് വർഷത്തോളമായി ധ്രുവ് ഡബ്സ്മാഷ് വിഡിയോകളിൽ സജീവമാണന്ന് പിതാവ് വിക്രം വർമ്മയുടെ പ്രസ്മീറ്റിൽ പറഞ്ഞു. വർമ്മ ആരംഭിക്കുന്നതിനു മുൻപ് തന്നെ ധ്രുവിന്റെ ഡബ്സ്മാഷ് വിഡിയോകൾ ബാല കണ്ടിരുന്നു. എടാ നീ ഇതോടെ തീർന്നുവെന്നാണ് ബാല എന്നോട് പറഞ്ഞത്– വിക്രം പറഞ്ഞു. 

മികച്ച ഒരു സംവിധായകന്റെ കീഴിൽ ധ്രുവ് അരങ്ങേറണമെന്നുളളത് എന്റെ ആഗ്രഹമായിരുന്നു. ഭാഗ്യമെന്നു പറയേണ്ടു സേതുവിന്റെ കീഴിൽ അരങ്ങേറാൻ അവന് അവസരം ലഭിച്ചു. ഒരു നല്ല നടനാകാൻ എന്നെ സഹായിച്ച സംവിധായകനാണ് ബാല. സേതുവിലും പിതാമഹനിലും നിരവധി അഭിനയ മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു. അർജ്ജുൻ റെഡ്ഡിയുടെ റീമേക്ക് ആര് ചെയ്താലും ഹിറ്റാകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ബാലയുടെ ശിക്ഷണത്തിലാകുമ്പോൾ കാര്യങ്ങൾക്ക് മാറ്റം വരും– വിക്രം പറഞ്ഞു. 

അർജ്ജുൻ റെഡ്ഡി റീമെയ്ക്കിനായി നിരവധി താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. യാതൊരു പ്രതിഫലവുമില്ലാതെ ചിത്രം ചെയ്യാമെന്ന് പറഞ്ഞ താരങ്ങളുമുണ്ട്. എന്നാൽ ഈ ചിത്രം ധ്രുവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് നിർമ്മതാവ് മുകേഷ് ആർ മേത്ത ആണെന്നും നിർമ്മാതാവിനും ബാലയ്ക്കും നന്ദി പറയുന്നതായും വിക്രം പറഞ്ഞു. 

പുതുമുഖ നടി മേഘ ചൗദരിയാണ് വർമയിൽ നായിക. ഈശ്വരി റാവു, റെയ്സ, ആകാശ് പ്രേംകുമാർ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ. ഇഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ മുകേഷ് ആർ മേത്തയാണ് നിര്‍മാണം. സന്ദീപ് റെഡ്ഢി ആദ്യമായി സംവിധാനം ചെയ്ത അർജുൻ റെഡ്ഢി തെലുങ്കിലെ സ്ഥിരം ക്ലീഷെ സിനിമകൾക്കുള്ള മറുപടി കൂടിയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടായി.