ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി രശ്മിക മന്ദാനയും നടൻ രക്ഷിത് ഷെട്ടിയും തമ്മിലുള്ള വിവാഹം മുടങ്ങിയെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. ഇരുവരും വേർപിരിഞ്ഞെന്നും കരിയറിൽ ശ്രദ്ധിക്കാനാണ് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നും രശ്മികയുടെ അമ്മ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആദ്യമായി പരസ്യപ്രതികരണം നടത്തിയിരിക്കുകയാണ് രക്ഷിത് ഷെട്ടി. എല്ലാവരും അവരവുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വാര്‍ത്തകളുണ്ടാക്കുകയാണെന്നും രശ്മികയെ ഇത്തരത്തിൽ വിലയിരുത്തരുതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രക്ഷിത് ആവശ്യപ്പെട്ടു.
''മറ്റ് ചില കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുള്ളതുകൊണ്ട് സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു. കുറച്ച് കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതിനാൽ ആണ് തിരികെയെത്തിയത്.''
''രശ്മികയെപ്പറ്റി നിങ്ങളെല്ലാം അഭിപ്രായമുണ്ടാക്കിയിട്ടുണ്ട്. നിങ്ങളെ ആരെയും ഞാൻ കുറ്റപ്പെടുത്തില്ല, കാരണം കാര്യങ്ങൾ അങ്ങനെയാണ് അവതരിപ്പിക്കപ്പെട്ടത്. കാണുന്നതും പറയുന്നതുമായ കാര്യങ്ങളാണ് നാം വിശ്വസിക്കുന്നത്. പക്ഷേ അത് സത്യമാകണം എന്നില്ല.
രശ്മികയെ എനിക്ക് രണ്ടുവർഷമായി അറിയാം. നിങ്ങളാരെക്കാളും നന്നായി അവളെ എനിക്കറിയാം. അതുകൊണ്ട് അവളെ വിലയിരുത്തുന്നത് നിർത്തൂ. സമാധാനത്തോടെയിരിക്കാൻ അനുവദിക്കൂ.
അധികം വൈകാതെ ഇതെല്ലാം അവസാനിക്കുമെന്നും എല്ലാവരും യാഥാർഥ്യം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിക്കരുത്. എന്നെയോ രശ്മികയോ വിളിച്ചുചോദിച്ചിട്ടല്ല അവർ വാര്‍ത്തകൾ നല്‍കിയത്. അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് വാർത്തകളുണ്ടാക്കുന്നത്. ഊഹാപോഹങ്ങൾ യാഥാർഥ്യങ്ങളല്ല.''
വേർപിരിയൽ വാര്‍ത്തകളെ നിഷേധിക്കാതെയാണ് രക്ഷിതിന്റെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. വിഷയത്തിൽ രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ജൂൺ 17നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഈ മാസം വിവാഹം നടക്കുമെന്നായിരുന്നു റിപ്പോർട്ടുകള്‍. കിരിക് പാർട്ടി എന്ന കന്നഡ ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചതോടെയാണ് രശ്മികയും രക്ഷിതും പ്രണയത്തിലാകുന്നത്.
കന്നഡ ചലച്ചിത്രലോകം ഏറെ ആഘോഷിച്ച പ്രണയമായിരുന്നു ഇരുവരുടെയും.